പയ്യന്നൂർ: വാഷിംഗ്ടൺ ഡിജിറ്റൽ യൂനിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ് ബിരുദം നേടിയ ചാൾസൺ ഏഴിമലയ്ക്ക് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ പൗരസ്വീകരണം നൽകി. നീന്തൽ പരിശീലന രംഗത്തെ 16 വർഷത്തെ സംഭാവനകൾ പരിഗണിച്ചാണ് ബിരുദം നൽകിയത്. നീന്തൽ ബോധവത്കരണ പരിപാടികളും പരിശീലനങ്ങളും സംഘടിപ്പിക്കുകയും നിരവധിപേരെ നീന്താൻ പ്രാപ്തരാക്കി കായലിലും പുഴയിലും കടലിലും ദീർഘദൂരം നീന്തിക്കുന്ന ചാൾസൺ ജല അപകട രക്ഷാപ്രവർത്തനങ്ങളും നടത്തിവരുന്നുണ്ട്. ടൂറിസം വകുപ്പിന് കീഴിൽ കണ്ണൂർ പയാമ്പലം ബീച്ചിൽ ലൈഫ് ഗാർഡായി സേവനമനുഷ്ഠിക്കുന്ന ചാൾസന് രണ്ടുതവണ കേരളത്തിലെ മികച്ച ലൈഫ് ഗാർഡിനുള്ള അവാർഡ് ലഭിച്ചിരുന്നു. പൗരസ്വീകരണത്തിൽ രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് വി. ഷൈമ, അഡ്വ. പി. സന്തോഷ്, കെ. വിജീഷ്, പണ്ണേരി രമേശൻ, വി. പ്രമോദ് എന്നിവർ പ്രസംഗിച്ചു.