കണ്ണൂർ: പുരോഗമന കലാസാഹിത്യ സംഘം പതിമൂന്നാമത് സംസ്ഥാന സമ്മേളനം ആഗസ്ത് 6 മുതൽ 8 വരെ കണ്ണൂരിൽ നടക്കും. ദേശീയ സെമിനാർ, പ്രതിനിധി സമ്മേളനം, സാംസ്‌കാരിക സംഗമങ്ങൾ, പുസ്തകോത്സവം, പ്രദർശനം, സെമിനാറുകൾ, കലാസാഹിത്യ മത്സരങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികൾ സമ്മേളനത്തിന്റെ ഭാഗമായുണ്ടാകും. 18 മേഖലകളിൽ അനുബന്ധ പരിപാടികൾ സംഘടിപ്പിക്കും. 'പുസ്തകപ്പുതുമഴ' എന്ന ക്യാമ്പയിന്റെ ഭാഗമായി മുഴുവൻ വീടുകളിലും പുസ്തകമെത്തിക്കും. കണ്ണൂർ എൻ.ജി.ഒ യൂണിയൻ ഹാളിൽ ചേർന്ന സംഘാടകസമിതി യോഗം സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഉദ്ഘാടനം ചെയ്തു. കെ.വി സുമേഷ് എം.എൽ.എ അദ്ധ്യക്ഷനായി. ഡോ. എ.കെ നമ്പ്യാർ, പ്രൊഫ. ബി. മുഹമ്മദ് അഹമ്മദ്, ഡോ. വി. ശിവദാസൻ എം.പി, എൻ. സുകന്യ, കാരായി രാജൻ, എം.കെ മനോഹരൻ, നാരായണൻ കാവുമ്പായി, ഡോ. ജിനേഷ് കുമാർ എരമം, ടി.പി വേണുഗോപാലൻ എന്നിവർ സംസാരിച്ചു.