കാസർകോട്: സീതാംഗോളി കിൻഫ്രയിൽ പ്രവർത്തിക്കുന്ന വെൽഫിറ്റ് പോളിമാർ എന്ന സ്ഥാപനത്തിൽ നിന്ന് 10 ലക്ഷം രൂപയുടെ ചെരുപ്പുകൾ കവർന്ന കേസിൽ ഒരു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം പൊസോട്ട് സ്വദേശി ആഷിക്കിനെ (27)യാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്. കവർച്ചയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മറ്റൊരാൾ പൊലീസ് കസ്റ്റഡിയിലാണ്. ഇയാളെ ചോദ്യം ചെയ്തുവരുന്നുണ്ട്. മേയ് 22 നാണ് ചെരുപ്പ് നിർമ്മാണ ഫാക്ടറിയിൽ കവർച്ച നടന്നത്. സ്ഥാപനത്തിന്റെ പാർട്ണറിൽ ഒരാളായ കട്ടത്തടുക്ക സ്വദേശി നിസാർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. നിസാറും ഗൾഫിലുള്ള ഒരാളുമാണ് ചെരുപ്പ് ഫാക്ടറിയുടെ പാർട്ട്ണർമാർ. കഴിഞ്ഞ ദിവസം നിസാറും ബന്ധുവായ സുഹൃത്തും കാസർകോട് നഗരത്തിലൂടെ നടന്നുപോകുമ്പോൾ കടവരാന്തയിൽ ചെരുപ്പ് വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. സ്ഥാപനത്തിൽ നിന്നും കവർച്ച ചെയ്ത ചെരിപ്പുകളാണെന്ന് വ്യക്തമായതിനെ തുടർന്ന് കാസർകോട് ടൗൺ പൊലീസിൽ വിവരമറിയിച്ചു. കാസർകോട് പൊലീസെത്തി നാലുപേരെ കസ്റ്റഡിയിലെടുത്ത് ബദിയടുക്ക പൊലീസിന് കൈമാറി. ഇതിൽ ആഷിക്കിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയായിരുന്നു. മോഷണം പോയ ചെരുപ്പുകൾ ആഷിക്കിന്റെ വീട്ടിൽ നിന്നും മറ്റൊരു സ്ഥലത്തുനിന്നുമായി കണ്ടെടുത്തു. താൻ ചെരുപ്പുകൾ ഒരാളിൽ നിന്നും വാങ്ങിയതാണെന്നാണ് ആഷിക്ക് പറയുന്നത്. കേസിൽ കൂടുതൽ പേർ പ്രതികളാകുമെന്നാണ് സൂചന.