train-
കോച്ചുകൾ വെട്ടി ചുരുക്കിയതിനാൽ അന്ത്യോദയ എക്സ്പ്രസിൽ തിരക്ക്

കാസർകോട്: മംഗളൂരു -കൊച്ചുവേളി അന്ത്യോദയ എക്സ്‌പ്രസ് ട്രെയിനിന്റെ കോച്ചുകൾ റെയിൽവേ മുന്നറിയിപ്പില്ലാതെ വെട്ടിച്ചുരുക്കി. കോച്ചുകൾ പകുതിയാക്കി കുറച്ചതോടെ മലബാറിൽ നിന്നുള്ള യാത്രക്കാർ ദുരിതത്തിലായി. വെള്ളി, ഞായർ ദിവസങ്ങളിൽ ആലപ്പുഴ വഴി മംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്കും വ്യാഴം, ശനി ദിവസങ്ങളിൽ കൊച്ചുവേളിയിൽ നിന്ന് മംഗളൂരു വരെയും ആണ് അന്ത്യോദയ ഓടുന്നത്.

2018 ജൂൺ മാസം തുടങ്ങിയ ട്രെയിനിന്റെ കോച്ചുകൾ ചുരുക്കിയത് ആറു വർഷത്തിന് ശേഷം അതേമാസമാണ്. ആദ്യഘട്ടങ്ങളിൽ 16 കോച്ചുകൾ ഉണ്ടായിരുന്ന ട്രെയിനിൽ ഇപ്പോൾ ഉള്ളത് എട്ട് കോച്ചുകൾ മാത്രമാണ്. മുൻകൂട്ടി ടിക്കറ്റ് റിസർവ് ചെയ്യാതെയും റിസർവേഷൻ കിട്ടാതെയും മലബാറിൽ നിന്ന് തെക്കൻ ജില്ലകളിലേക്ക് പോകുന്ന യാത്രക്കാർക്ക് വലിയ ആശ്വാസമായിരുന്നു ഈ ട്രെയിൻ. കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം എന്നീ സ്റ്റോപ്പുകൾ മാത്രമുള്ള ട്രെയിനിൽ സാധാരണക്കാർക്ക് ഇരുന്നു യാത്ര ചെയ്യാൻ സൗകര്യം ഉണ്ടായിരുന്നു. സ്ലീപ്പർ കോച്ചുകൾ ട്രെയിനിൽ തുടക്കം മുതൽ ഉണ്ടായിരുന്നില്ല. എല്ലാ കോച്ചുകളും ജനറൽ ആയിരുന്നു.

അന്ത്യോദയ എക്സ്‌പ്രസ് ദിവസവും സർവ്വീസ് നടത്തുന്നതിന് റെയിൽവെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുമ്പോഴാണ് കോച്ചുകൾ കുറച്ചു കൊണ്ടുവന്ന് ട്രെയിൻ സ്ഥിരമായി നിർത്താനുള്ള നീക്കം റെയിൽവേ നടത്തുന്നതെന്നാണ് ആരോപണം.

അന്ത്യോദയ കോച്ചുകൾ വെട്ടിക്കുറക്കുന്നത് യാത്രക്കാർക്ക് കടുത്ത യാത്ര ദുരിതമുണ്ടാക്കുമെന്നും ട്രെയിൻ ദിവസേന ഓടിക്കണമെന്ന് ആവശ്യപ്പെട്ടും കാസർകോട് റെയിൽവെ പാസഞ്ചേർസ് അസോസിയേഷൻ ഭാരവാഹി ആർ. പ്രശാന്ത് കുമാർ
ഉത്തര മലബാറിലെ എം.പിമാർക്ക് നിവേദനം നൽകി.