snake
പറശ്ശിനിക്കടവ് എം.വി.ആർ സ്‌നേക്ക് പാർക്ക് ആൻഡ് സൂവിൽ വിരിഞ്ഞിറങ്ങിയ പെരുമ്പാമ്പിന്റെ കുഞ്ഞുങ്ങൾ

തളിപ്പറമ്പ്: പറശ്ശിനിക്കടവ് എം.വി.ആർ സ്‌നേക്ക് പാർക്ക് ആൻഡ് സൂവിൽ പുതിയ അംഗങ്ങൾ കൂടി. ഇന്ത്യൻ റോക്ക പൈതൺ ഇനത്തിൽപ്പെട്ട 'റൂബി' എന്ന പെരുമ്പാമ്പിന് 10 കുഞ്ഞുങ്ങളാണ് വിരിഞ്ഞിറങ്ങിയത്. ഏപ്രിൽ 8ന് ഇട്ട മുട്ടകൾ 58 ദിവസങ്ങൾ എടുത്ത് കഴിഞ്ഞ ദിവസമാണ് വിരിഞ്ഞത്. കുഞ്ഞുങ്ങൾ എല്ലാം പൂർണ ആരോഗ്യത്തോടു കൂടി ഇരിക്കുന്നുവെന്ന് സൂ അധികൃതർ അറിയിച്ചു.

രണ്ടാമത്തെ തവണയാണ് സൂവിൽ പെരുമ്പാമ്പിൻ കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങുന്നത്. കഴിഞ്ഞ വർഷം 23 ഓളം കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങിയിരുന്നു. ഇത്തവണ 24 മുട്ടകൾ ഇട്ടതിൽ പത്തെണ്ണമാണ് വിരിഞ്ഞത്. പെരുമ്പാമ്പുകൾ അടയിരിക്കാറുണ്ടെങ്കിലും സ്നേയ്ക് പാർക്കിൽ വിരിഞ്ഞവ പ്രത്യേകമായി വിരിയിച്ചെടുത്തവയാണ്. പെരുമ്പാമ്പുകളെ കൂടാതെ കാട്ടുപാമ്പിന്റെയും അണലിയുടെയും കുഞ്ഞുങ്ങളെ മുൻപ് ഇവിടെ വിരിയിച്ചിട്ടുണ്ട്.

പെരുമ്പാമ്പുകൾ.

പൊതുവെ വിഷമില്ലാത്തവയാണ് പെരുമ്പാമ്പുകൾ. പൈത്തൺ മോളൂരസ് എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഇവയ്ക്കു 6 മീറ്റർ വരെ നീളവും 90 കിലോ വരെ ഭാരവുമുണ്ടാകാറുണ്ട്. ശീതകാലമാണ് ഇവയുടെ പ്രജനന കാലഘട്ടം . മുട്ടകൾ വിരിയാൻ ഏകദേശം 2 മുതൽ 3 മാസം വരെ സമയം എടുക്കും. ഒരു പ്രാവശ്യം എട്ടു മുതൽ നൂറു മുട്ടകൾ വരെ ഇടാറുണ്ട്. ജീവനുള്ള മൃഗങ്ങളെയാണ് ഇവ ആഹാരമാകാറുള്ളത്. പക്ഷികൾ, ഉരഗങ്ങൾ, ഉഭയ ജീവികൾ എന്നിവയാണ് പ്രധാന ആഹാരം.

പടം' സ്നേക്ക് പാർക്കിൽ.