പഴയങ്ങാടി: ചെറുകുന്ന് സെന്റ് മാർട്ടിൻ ഡിപോറസ് ആശുപത്രി കാഷ്വാലിറ്റിയിൽ വനിതാ നഴ്സിനെ ആക്രമിച്ച് രക്ഷപ്പെട്ട പ്രതി പൊലീസ് പിടിയിൽ. ചെറുകുന്ന് പൂങ്കാവ് സ്വദേശി ജിജിൽ ഫെലിക്സി (36)നെയാണ് കണ്ണൂർ എ.സി.പി സിബി ടോമിന്റെ നിർദ്ദേശപ്രകാരം കണ്ണപുരം പൊലീസ് ഇൻസ്‌പെക്ടർ കെ.സുഷീറും, കണ്ണൂർ ടൗൺ പൊലീസ് സ്ക്വാഡും ചേർന്ന് കൂത്തുപറമ്പിൽ വെച്ച് അറസ്റ്റ് ചെയ്തത്. ജിജിൽ നിരവധി കേസുകളിലെ പ്രതിയാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. വൈകീട്ട് അഞ്ചരയോടെ കൈക്ക് മുറിവേറ്റ നിലയിൽ സുഹൃത്തുക്കളോടൊപ്പമാണ് യുവാവ് ആശുപത്രിയിലെത്തിയത്. ഇയാളുടെ കൈയുടെ മുറിവേറ്റ ഭാഗം കഴുകി വൃത്തിയാക്കുകയായിരുന്നു കാഷ്വാലിറ്റിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 24 കാരിയായ സ്റ്റാഫ് നഴ്സ്. അസഭ്യവർഷത്തോടെ ഷൂ ധരിച്ച കാലുകൊണ്ട് കഴുത്തിന് ആഞ്ഞു ചവിട്ടുകയായിരുന്നു. ചവിട്ടേറ്റതിനെ തുടർന്ന് തെറിച്ചു വീണ നഴ്സ് ബോധരഹിതയായി. കഴുത്തിന് സാരമായി പരിക്കേറ്റു. യുവാവിന് ചികിത്സ തുടരാൻ പറ്റാത്തതിനാൽ മറ്റ് ആശുപത്രിയിലേക്ക് മാറ്റാൻ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു. എന്നാൽ പൊലീസ് നോക്കിനിൽക്കെ ആശുപത്രിയിലേക്കന്ന വ്യാജേന സുഹൃത്തുക്കൾ ഇയാളെ കാറിൽ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.