ഇരിട്ടി: ഉളിക്കൽ ഗ്രാമപഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ ഡെങ്കിപ്പനി വ്യാപിക്കുകയും ഡെങ്കിപ്പനി മൂലം ഒരാൾ മരണപ്പെടുകയും ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താൻ തീരുമാനം. ഇന്നലെ വിവിധ വിഭാഗത്തിൽപ്പെട്ട ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് പഞ്ചായത്ത് ഹാളിൽ വിപുലമായ യോഗം ചേർന്നു. ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, രാഷ്ട്രീയപാർട്ടി നേതാക്കൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് മേറ്റുമാർ തുടങ്ങിയവർ പങ്കെടുത്തു. പുറവയൽ മെഡിക്കൽ ഓഫീസർ ഡോ. രഞ്ജിത്ത് മാത്യു, ഹെൽത്ത് ഇൻസ്‌പെക്ടർ രാജേഷ് വി ജെയിംസ് എന്നിവർ രോഗത്തിന്റെ വ്യാപ്തിയെക്കുറിച്ചും ഗുരുതര സാഹചര്യങ്ങളെക്കുറിച്ചും വിശദമായി ക്ലാസെടുത്തു.
ഇന്നും നാളെയുമായി പഞ്ചായത്തിലെ 20 വാർഡുകളിലും വാർഡ് തല ശുചിത്വ കമ്മിറ്റി അടിയന്തരമായി വിളിച്ചു ചേർക്കും. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി ഷാജി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനിൽ രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ചാക്കോ പാലക്കലോടി, ഒ.വി.ഷാജു, ഇന്ദിര പുരുഷോത്തമൻ, ടോമി മൂക്കനൊളി, രാഷ്ട്രീയ നേതാക്കളായ ജോസഫ് ആഞ്ഞിലത്തോപ്പിൽ, പി.കെ.ശശി, മുഹമ്മദ് ദാവൂദ്, ആർ.സുജി, കുര്യാക്കോസ് കോമ്പുങ്കൽ, കുര്യാക്കോസ് മണപ്പാടത്ത്, പി.കെ.ഷാജി, ജോസ് പൂമല സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സമീറ പള്ളിപ്പത്ത് നന്ദി പറഞ്ഞു.
16ന് ഡ്രൈഡേ ആചരിക്കും
പഞ്ചായത്തിലെ മുഴുവൻ വീടുകളും സ്ഥാപനങ്ങളിലും 16ന് ഡ്രൈഡേ ആചരിക്കും. അന്നേദിവസം പഞ്ചായത്തിലെ പന്ത്രണ്ടായിരത്തിലധികം വീടുകളിലും സ്ഥാപനങ്ങളിലും ശുചിത്വ ക്യാമ്പയിൻ നടത്തി കൊതുകളുടെ ഉറവിട നശീകരണം നടത്തും. ശുചിത്വ ക്യാമ്പയിനായി പഞ്ചായത്തിൽ 400 യിൽ അധികം സ്‌ക്വാഡുകൾ രൂപീകരിക്കാൻ തീരുമാനിച്ചു. ഈ സ്‌ക്വാഡുകളിൽ ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, രാഷ്ട്രീയപാർട്ടി പ്രവർത്തകർ, യുവജന സംഘടന പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് മേറ്റുമാർ തുടങ്ങിയവർ അണിനിരക്കും.
ആശുപത്രികളിൽ എണ്ണം കൂടി
ആലക്കോട്: ഇടവിട്ട് പെയ്യുന്ന കാലവർഷത്തിൽ കൊതുകുകൾ പെരുകിയതോടെ മലയോരമേഖലയിൽ ഡെങ്കിപ്പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയവരുടെ എണ്ണം അമ്പതിലധികമായി. മലയോര പഞ്ചായത്തുകളായ ഉദയഗിരി, ആലക്കോട്, നടുവിൽ, ചപ്പാരപ്പടവ് എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പനി ബാധിച്ചു ചികിത്സ തേടുന്നവരുടെ എണ്ണം കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഇരട്ടിയായി വർദ്ധിച്ചു. ടൗണുകൾ കേന്ദ്രീകരിച്ച് നടത്തുന്ന ശുചീകരണം കൊണ്ട് കൊതുക് നിർമ്മാർജ്ജനം ഫലപ്രദമായി തടയാൻ കഴിയില്ലെന്നത് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മനസ്സിലാക്കി വരുമ്പോഴേക്കും മലയോര നിവാസികൾ പനിക്കിടക്കയിൽ എത്തിയിട്ടുണ്ടാകുമെന്നാണ് ആക്ഷേപം.