തൃക്കരിപ്പൂർ: തൃക്കരിപ്പൂരിലേക്കുള്ള കവാടമായി നിലകൊള്ളുന്ന തങ്കയം ജംഗ്ഷനിൽ ശാസ്ത്രീയ ട്രാഫിക് സംവിധാനമൊരുക്കുന്നതിന്റെ നടപടിക്രമങ്ങൾ ത്വരിതഗതിയിൽ. പദ്ധതി നിർവഹണത്തിന് മുന്നോടിയായുള്ള രണ്ടാംഘട്ടം സർവ്വേ പൂർത്തിയായി. ഒന്നാം ഘട്ട പരിശോധന ഒരാഴ്ച മുമ്പാണ് നടന്നത്.
വാഹന തിരക്കുള്ള മൂന്നുഭാഗങ്ങളിൽ നിന്നെത്തുന്ന ജംഗ്ഷനിലെ റോഡുകളുടെ അതിരുകൾ താലൂക്ക് സർവേ വിഭാഗം നിർണയം നടത്തി റിപ്പോർട്ട് പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് കൈമാറി. വരും ദിവസങ്ങളിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥർ സർവ്വേ വിഭാഗം മാർക്ക് ചെയ്തു കൊടുത്ത സ്ഥലങ്ങളൊക്കെ അളന്ന് റിപ്പോർട്ട് തയ്യാറാക്കി ഇൻവെസ്റ്റിഗേഷൻ നടത്തുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കും.
തങ്കയം മുക്കിലെ തുടർച്ചയായുള്ള അപകടങ്ങൾ ഇല്ലാതാക്കാൻ ആവശ്യമായ രീതിയിലുള്ള ശാസ്ത്രീയമായ ട്രാഫിക് പരിഷ്കാരം കൊണ്ടുവരാൻ കോഴിക്കോട് പൊതുമരാമത്ത് ഡിസൈൻ വിംഗിന് കൈമാറി പ്ലാൻ തയ്യാറാക്കും. ട്രാഫിക് പരിഷ്കരണവുമായി ബന്ധപ്പെട്ട് റോഡിന്റെ മൂന്ന് ഭാഗങ്ങളിലേക്കും 100 മീറ്റർ നീളത്തിൽ വീതി കൂട്ടാൻ ആവശ്യമായ സ്ഥലത്ത് കൈയേറ്റങ്ങൾ ഉൾപ്പെടെയുള്ളവ ഒഴിപ്പിക്കുന്ന നടപടി കൂടി പൊതുമരാമത്ത് ഉദ്യോഗസ്ഥർ കൈക്കൊള്ളും.
ഇന്നലെ നടന്ന അതിർത്തി നിർണ്ണയത്തിൽ താലൂക്ക് സർവെയർ കെ.പി.അജന്തകുമാർ, പി.ഡബ്ല്യു.ഡി ഓവർസിയർ വിക്ടോറിയ, വില്ലേജ് ഓഫീസ് അധികാരികൾ, സി.പി.ഐ തൃക്കരിപ്പൂർ ലോക്കൽ സെക്രട്ടറി എം.പി ബിജീഷ്, ടി.നസീർ എന്നിവർ പങ്കെടുത്തു.
തിരക്കും അപകടവും പതിവായി
പയ്യന്നൂർ ബൈപാസ്, തൃക്കരിപ്പൂർ, കാലിക്കടവ് ദേശീയപാത എന്നിവിടങ്ങളിൽ നിന്നെത്തുന്ന റോഡുകളുടെ സംഗമസ്ഥലമായതിനാൽ വാഹന തിരക്കും അപകടങ്ങളും പതിവായി മാറിയതോടെയാണ് അധികൃതർ ഇവിടെ ട്രാഫിക് സംവിധാന മൊരുക്കാനുള്ള നടപടി ആരംഭിച്ചത്. ജംഗ്ഷനിലെ ബസ് സ്റ്റോപ്പടക്കം പൊളിച്ചു മാറ്റുകയും വൻ മരങ്ങൾ മുറിച്ചു മാറ്റുകയും ചെയ്ത് വിപുലമായ സൗകര്യമായിരിക്കും ഈ ജംഗ്ഷനിൽ ഒരുക്കുക.