കണ്ണൂർ: ബസ് ഡ്രൈവറെ മർദ്ദിച്ചെന്ന് ആരോപിച്ച് കണ്ണൂർ- അഴീക്കൽ റൂട്ടിൽ ബസുകളുടെ മിന്നൽ പണിമുടക്ക്. ഇന്നലെ രാവിലെ മുതലാണ് ബസ് തൊഴിലാളികൾ മിന്നൽ പണിമുടക്കിന് ആഹ്വാനം ചെയ്തത്. കഴിഞ്ഞദിവസം വൈകീട്ട് കണ്ണൂർ -അഴീക്കൽ റൂട്ടിൽ ഓടുന്ന ദുർഗ ബസ് ഡ്രൈവർ നിധിൻ പ്രകാശിനെ ഓട്ടോറിക്ഷ തൊഴിലാളികൾ മർദ്ദിച്ചെന്നാരോപിച്ചാണ് പണിമുടക്ക്. പ്ലാസയ്ക്ക് സമീപം വച്ച് ഓട്ടോറിക്ഷയ്ക്ക് ബസ് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. പരിക്കേറ്റ നിധിൻ പ്രകാശ് ആശുപത്രിയിൽ ചികിത്സ തേടി.
പണിമുടക്കിനെ തുടർന്ന് യാത്രക്കാർ ദുരിതത്തിലായി. മിന്നൽ പണിമുടക്ക് അറിയാതെ നിരവധിപേരാണ് രാവിലെ ജോലിക്കും സ്കൂളിലും മറ്റും പോകാനായി ബസ് സ്റ്റോപ്പിലെത്തി കാത്തുനിന്നത്. അന്വേഷിച്ചപ്പോഴാണ് പലരും പണിമുടക്കിന്റെ കാര്യം അറിയുന്നത്. സ്കൂൾ കുട്ടികളടക്കം പലരും ബസ് ലഭിക്കാത്തിനെ തുടർന്ന് വീട്ടിലേക്ക് തിരിച്ച് പോയി. സംഭവത്തിൽ ഓട്ടോറിക്ഷ തൊഴിലാളികളോടും ബസ് തൊഴിലാളികളോടും കണ്ണൂർ ടൗൺ സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം യൂണിയനുകളെ അറിയിക്കാതെയാണ് ബസ് തൊഴിലാളികൾ മിന്നൽ പണിമുടക്ക് നടത്തിയതെന്ന ആരോപണം ഉയരുന്നുണ്ട്.