കണ്ണൂർ: ആവശ്യത്തിന് പ്ലസ് വൺ സീറ്റ് ജില്ലയിലില്ലെന്ന് ചൂണ്ടിക്കാണിച്ച് യു.ഡി.എഫ് കൗൺസിലറും മുൻ മേയറുമായ ടി.ഒ.മോഹനൻ അവതരിപ്പിച്ച പ്രമേയം ഭരണ -പ്രതിപക്ഷ വാക്കേറ്റത്തിന് ഇടയാക്കി. മുഴുവൻ വിഷയങ്ങൾക്ക് എ പ്ലസ് ഉണ്ടായിട്ടും മലബാറിലെ വിദ്യാർത്ഥികൾക്ക് പ്ലസ് വണ്ണിന് മതിയായ സീറ്റ് ലഭിക്കുന്നില്ലെന്നും അതിനാൽ സ്‌കൂളുകളിൽ സ്ഥിരമായി അഡീഷണനൽ സീറ്റുകൾ അനുവദിക്കാൻ സർക്കാർ തയ്യാറാകണമെന്നും ആവശ്യപ്പെട്ടാണ് പ്രമേയം അവതരിപ്പിച്ചത്.

തെക്കൻ ജില്ലകളിൽ ആയിരത്തോളം സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി തന്നെ പറയുമ്പോൾ കണ്ണൂർ ഉൾപ്പെടുന്ന മലബാറിലെ വിദ്യാർത്ഥികൾ സീറ്റിനായി പ്രയാസപ്പെടുകയാണെന്നും അതിനാൽ വിഷയം ഗൗരവത്തോടെ കാണണമെന്നും ടി.ഒ മോഹനൻ പറഞ്ഞു. പ്രമേയത്തെ പിന്താങ്ങി സംസാരിച്ച സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂരിന്റെ ആരോപണത്തെ തുടർന്നാണ് കൗൺസിലിൽ വാക്‌പോര് ഉണ്ടായത്.

വിദ്യാഭ്യാസ രംഗത്ത് നിലനിൽക്കുന്ന നിരുത്തരവാദപരമായ നടപടികൾ ഇല്ലാതാക്കാൻ വിദ്യാഭ്യാസ മന്ത്രിയെ ഉൾപ്പെടെ മാറ്റുന്നത് നല്ലതാണെന്നും കേരളത്തിൽ നടക്കുന്ന പല കാര്യങ്ങളെ കുറിച്ചും മറ്റ് മന്ത്രിമാർക്കും ധാരണയില്ലെന്നുമാണ് സുരേഷ് ബാബു എളായാവൂർ ആരോപിച്ചത്. ഈ ആരോപണത്തെ എൽ.ഡി.എഫ് കൗൺസിലർ എൻ.സുകന്യ ശക്തമായി എതിർത്തു. പിണറായി സർക്കാരിന്റെ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഫലമായി വിദ്യാലയങ്ങൾ കൈവരിച്ച നേട്ടങ്ങൾ കൊണ്ടാണ് ഇപ്പോൾ മറ്റുള്ള സിലബസിൽ പഠിച്ചിരുന്ന കുട്ടികളെ പോലും രക്ഷിതാക്കൾ സർക്കാർ സ്‌കൂളിലേക്ക് അയക്കുന്നതെന്നും, വിദ്യാർത്ഥികളുടെ ഈ തള്ളികയറ്റം കാരണമാണ് സീറ്റ് പ്രശ്നമുള്ളതെന്നും സുകന്യ പറഞ്ഞു. ആടിനെ പട്ടിയാക്കുന്ന പ്രമേയമാണ് ഇതെന്ന് കൗൺസിലർ ടി. രവീന്ദ്രനും പറഞ്ഞു.


സർക്കാർ കൃത്യത പാലിക്കണമെന്നും പ്രമേയം

വാർഷിക പദ്ധതി നടത്തിപ്പിനുള്ള വികസന ഫണ്ട് അനുവദിക്കുന്നതിൽ സർക്കാർ കൃത്യത പാലിക്കണമെന്ന മറ്റൊരു പ്രമേയം യു.ഡി.എഫ് കൗൺസിലർ കെ.പി അബ്ദുൽ റസാഖും അവതരിപ്പിച്ചു. പി.വി.കൃഷ്ണൻ പ്രമേയത്തെ പിന്താങ്ങി. തദ്ദേശസ്ഥാപനങ്ങളുടെ അധികാരങ്ങൾ സർക്കാർ കവരുകയാണെന്നും അർഹതപ്പെട്ട ഫണ്ട് തഴയുകയാണെന്നും അബ്ദുൾ റസാഖ് പറഞ്ഞു. സാമ്പത്തിക വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ ട്രഷറിയിൽ ഫണ്ട് എത്തുകയും അവ മണിക്കൂറുകൾക്കുള്ളിൽ തന്നെ ചിലവഴിക്കണമെന്ന് നിർദേശം നൽകുകയും, ചെലവഴിക്കാത്ത തുക തിരിച്ച് പിടിക്കുകയും ചെയ്യുന്ന രീതി അംഗീകരിക്കാനാവില്ലെന്നും, ഇത്തരത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം കണ്ണൂർ കോർപറേഷന് കോടികളുടെ നഷ്ടമുണ്ടായെന്നും പ്രമേയം പറഞ്ഞു.

പ്ലസ് വൺ സീറ്റില്ലെന്ന അനാവശ്യ ഭീതി പടർത്തി സമൂഹത്തിൽ ആശങ്ക സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുകയാണ്. പ്രമേയത്തിന് പിന്നിൽ രാഷ്ട്രീയ താൽപര്യം മാത്രമാണ്.

എൽ.ഡി.എഫ് കൗൺസിലർ എൻ.സുകന്യ

വികസന ഫണ്ട് അനുവദിക്കുന്നതിലെ പ്രശ്നങ്ങൾ സംബന്ധിച്ച് കേസ് നൽകണോ എന്ന് പരിശോധിക്കും.

സ്ഥിരം സമിതി അദ്ധ്യക്ഷൻ, സുരേഷ് ബാബു എളയാവൂർ

വിഷയം സർക്കാരിന് മുന്നിൽ എത്തിക്കും. നിയമോപദേശം തേടിയതിന് ശേഷം കേസ് നൽകുന്നകാര്യം പരിഗണിക്കാം.

മേയർ മുസ്ലിഹ് മഠത്തിൽ