കാഞ്ഞങ്ങാട്: മുപ്പതിമൂന്നാമത് ഒളിമ്പിക്സ് കായിക മത്സരങ്ങൾ ജൂലായ് 26 ന് പാരിസിൽ വച്ച് നടക്കുന്നതിന്റെ മുന്നോടിയായി ജൂൺ 23-ന് അന്താരാഷ്ട്ര ഒളിമ്പിക് ദിനം കാസർകോട് ജില്ലയിലെങ്ങും കൊണ്ടാടും. ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി 23-ന് രാവിലെ ഒമ്പതു മണിക്ക് കാഞ്ഞങ്ങാട് വച്ച് കൂട്ടയോട്ടം സംഘടിപ്പിക്കും. വിദ്യാർത്ഥികൾ, കായികതാരങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തകർ, ജനപ്രതിനിധികൾ തുടങ്ങി 5000 പേർ കുട്ടയോട്ടത്തിൽ അണിനിരക്കും.

ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അന്നേദിവസം അനുബന്ധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. കൂട്ടയോട്ടം വിജയിപ്പിക്കാൻ വേണ്ടി കാഞ്ഞങ്ങാട് പി. സ്മാരകത്തിൽ ചേർന്ന യോഗത്തിൽ സംഘാടക സമിതി രൂപീകരിച്ചു. യോഗം ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ടി.വി.ബാലൻ ഉദ്ഘാടനം ചെയ്തു. ഡോ. എം.കെ.രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. മനോജ്, ശബരീശൻ ഗംഗാധരൻ, മധു തുടങ്ങിയവർ സംസാരിച്ചു. ഒളിമ്പിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.അച്ചുതൻ സ്വാഗതവും എം.കുഞ്ഞബ്ദുള്ള നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത (സംഘാടക സമിതി ചെയർമാൻ), ടി.വി.ബാലൻ (വർക്കിംഗ് ചെയർമാൻ), എം.അച്ചുതൻ (ജനറൽ കൺവീനർ ), ഡോ. എം.കെ.രാജശേഖരൻ (കൺവീനർ).