മട്ടന്നൂർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മട്ടന്നൂരിൽ സ്വീകരണം. നൂറുകണക്കിന് പേരാണ് അദ്ദേഹത്തെ വരവേൽക്കാൻ മട്ടന്നൂരിലെത്തിയത്. വയനാട് സന്ദർശനം കഴിഞ്ഞ് കണ്ണൂർ വിമാനത്താവളം വഴി മടങ്ങുന്നതിനാണ് ബുധനാഴ്ച വൈകീട്ട് 7.15ഓടെ രാഹുൽഗാന്ധി മട്ടന്നൂരിലെത്തിയത്. നൂറുകണക്കിന് പേർ റോഡിൽ തിങ്ങിനിറഞ്ഞതോടെ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹത്തിന് കടന്നുപോകാൻ പറ്റാതായി. തുടർന്ന് വാഹനം നിർത്തി വാഹനത്തിന് മുകളിൽ കയറി രാഹുൽ സംസാരിച്ചു. മോദി സർക്കാരിന്റെ റിമോട്ട് കൺട്രോൾ ഇന്ത്യാ സഖ്യത്തിന്റെ കൈയിലാണെന്ന് രാഹുൽ പറഞ്ഞു.
ഏതുസമയത്തും സർക്കാർ നിലംപതിക്കാം. ലോക്‌സഭയിൽ പ്രതിപക്ഷം വർദ്ധിതവീര്യത്തോടെ പ്രവർത്തിക്കും. ഭരണഘടനയെ മാറ്റിയെഴുതുമെന്ന അഹങ്കാരത്തോടെ തിരഞ്ഞെടുപ്പിനെ നേരിട്ട മോദി തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഭരണഘടനയെ വണങ്ങുന്നതാണ് കണ്ടതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വോട്ടർമാർക്ക് മലയാളത്തിൽ നന്ദി പറഞ്ഞാണ് രാഹുൽ പ്രസംഗം അവസാനിപ്പിച്ചത്. കെ.സി.വേണുഗോപാൽ രാഹുലിന്റെ പ്രസംഗം തർജ്ജമ ചെയ്തു. വൈകീട്ട് അഞ്ചോടെ തന്നെ രാഹുലിന്റെ സ്വീകരിക്കുന്നതിനായി നിരവധി പേർ നഗരത്തിലെത്തിയിരുന്നു. ഡി.സി.സി.പ്രസിഡന്റ് മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി.