തലശ്ശേരി: കതിരൂരിൽ ആൾ താമസമുള്ള ഇരുനില കോൺക്രീറ്റ് വീടിന്റെ മുകൾ നിലയിലുള്ള അടച്ചിട്ട മുറിയിൽ ദൂരൂഹമായി തീപിടിച്ചു. കതിരൂർ ചോയ്യാടം ക്ലബ്ബിന് സമീപത്തെ കച്ചവടക്കാരൻ പി.രാജന്റെ എവർഗ്രീൻ വീട്ടിലാണ് ഇന്നലെ ഉച്ചയോടെ തീപിടുത്തമുണ്ടായത്. മുകളിലെ മുറിയുടെ ജനാല വഴി ശക്തിയായി പുക പുറത്തുവന്നത് ശ്രദ്ധയിൽ പെട്ട അയൽക്കാരാണ് വീട്ടിലുള്ളവരെ കാര്യം അറിയിച്ചത്. അപ്പോഴേക്കും മുറിക്കകം മുഴുവൻ തീ കത്തി പടർന്നിരുന്നു. കതിരൂർ പൊലീസും തലശ്ശേരിയിൽ നിന്ന് അഗ്നിശമന സേനയും സ്ഥലത്തെത്തി. പുക പടർന്നതിനെ തുടർന്ന് പൊലീസ് പിന്മാറി. പിറകെ എത്തിയ ഫയർഫോഴ്സ് സംഘം ഓക്സിജൻ മാസ്കുകൾ ഉപയോഗിച്ചാണ് മുകളിൽ കയറി വെളളം ചീറ്റി തീ അണച്ചത്. അടച്ചിട്ട മുറിയിൽ ഉണ്ടായ കട്ടിൽ, കിടക്ക എന്നിവയും മറ്റ് ഫർണിച്ചറുകളും പൂർണ്ണമായും സോഫാ സെറ്റ് ഭാഗികമായും കത്തിയിട്ടുണ്ട്. സീലിംഗ് ഫാൻ കത്തി ഉരുകിതാഴെ വീണ നിലയിലും അറ്റാച്ച്ഡ് ബാത്ത് റൂമിന്റെ ക്ലോസെറ്റടക്കം നാശോന്മുഖമായ നിലയിലുമാണുണ്ടായത്. മുറിക്കകത്ത് നിരവധി ഒഴിഞ്ഞ കുപ്പികൾ സൂക്ഷിച്ചിരുന്നു. കൂടാതെ ഒട്ടേറെ സിഗരറ്റ് പാക്കറ്റുകളും വലിച്ചിട്ട സിഗരറ്റ് കുറ്റികളും കാണാമായിരുന്നു. വീട്ടുടമ രാജനും ഭാര്യയും മകനും മാത്രമാണിവിടെ താമസം. രാജന്റെ മറ്റൊരു മകൻ പട്ടാളത്തിലാണ്. തീപിടിക്കുന്ന അവസരത്തിൽ ഭാര്യ മാത്രമേ വീട്ടിലുണ്ടായുള്ളൂ. മൊബൈൽ ചാർജറിൽ നിന്നാണ് തീ പിടിച്ചതെന്നും, അതല്ല വലിച്ചിട്ട സിഗരറ്റ് കുറ്റികളിൽ നിന്നോ, ഷോർട്ട് സർക്യൂട്ട് കാരണമോ ആവാമെന്നാണ് പൊലീസിന്റെയും ഫയർഫോഴ്സിന്റെയും നിഗമനം.