swathi
സ്വാതി പാലോറൻ

മാഹി: ശരീരത്തിന്റെ ഒരു ഭാഗം തളർന്നു പോയി. കാഴ്ചകൾക്ക് ഇളക്കം. കൈകൾക്ക് വിറയൽ. വായിക്കാനോ ,എഴുതാനോ ആവാത്ത അവസ്ഥ. ബിരുദ വിദ്യാഭ്യാസം മുഴുമിപ്പിക്കാനായില്ല. എന്നിട്ടും കതിരൂർ കായലോട് സ്വദേശിനി സ്വാതി പാലോറന് അതിരുകളില്ലാത്ത തന്റെ ഭാവനകളെ കേവല സ്വപ്നങ്ങളായി കാണാൻ കഴിഞ്ഞില്ല.
അനങ്ങാനാവാത്ത അവസ്ഥയിലും തന്റെ സ്വപ്നങ്ങളെ കണ്ടറിഞ്ഞെത്തിയ സ്ത്രീ ശാക്തീകരണ പ്രവർത്തകരായ മാഹിയിലെ സി.കെ.രാജലക്ഷ്മിയും, മാടപ്പീടിക സ്വദേശിനി പി.പി.അസിതയും അവൾക്ക് തുണയായെത്തിയതോടെ സ്വാതിയുടെ സ്വപ്നങ്ങൾക്ക് ചിറക് മുളച്ചു. ഡ്രീം ഓഫ് സ്വാതി ഐ ടൂ ഹാവ് എ സോൾ, എന്ന ചെറു ആംഗലേയ നോവലിന് അച്ചടി മഷി പുരണ്ടു. ചിത്രകാരൻ ശ്രീനി പാലേരി നോവലിന് മനോഹരമായ ചിത്രണം ചെയ്തു. കഥാകൃത്ത് വി.ആർ.സുധീഷ് അവതാരികയുമെഴുതി. അമ്പത് പേജുള്ള മനോഹരമായ പുസ്തകം ജൂൺ 14 ന് പ്രകാശിതമാകും.
കവിതയിലും കഥയിലുമെല്ലാം അഭിരമിച്ച മനസ്സുമായി, കോളേജിലെ മിടുക്കിയായ വിദ്യാർത്ഥിനിയായി മാറിയിരുന്നു സ്വാതി പാലോറൻ. ബി.സി.എ യുടെ അവസാന വർഷ പരീക്ഷ തൊട്ട് മുന്നിൽ നിൽക്കവെ, അശനിപാതം പോലെയാണ് അത്യപൂർവ രോഗം ഈ പെൺകുട്ടിയെ കീഴടക്കിയത്. കണ്ണിലെ കൃഷ്ണമണി ഇളകുകയും, കാണുന്നതെല്ലാം ഇളകിക്കൊണ്ടിരിക്കുകയും ചെയ്യുന്ന വല്ലാത്ത ഒരവസ്ഥ. വായിക്കുമ്പോൾ അക്ഷരങ്ങൾ ഇളകിയാടും. ഞരമ്പിന്റെ പ്രശ്നം മൂലം ഒരു ഭാഗം തീർത്തും തളർന്ന് പോയി.
ഒരു ലക്ഷത്തിൽ ഒരാളിൽ മാത്രം കാണപ്പെടാവുന്ന മൾട്ടിപ്പിൾ സ്ലിറോസിസ് എന്ന അത്യപൂർവരോഗം. അലോപ്പതിയിലും ആയുർവേദത്തിലുമെല്ലാം ചികിത്സ തേടാത്ത ഇടമില്ല. സ്വാതിയുടേത് മാത്രമല്ല, ഏക മകളുടെ ജീവിതത്തിൽ വന്നുപെട്ട ദുർഗതിയിൽ മാതാപിതാക്കളായ ചിൻമയ സ്‌കൂൾ അദ്ധ്യാപിക ശൈലജയുടേയും, ക്രൈസ്റ്റ് കോളേജ് അദ്ധ്യാപകൻ അധീറിന്റേയും മനസ്സും ശരീരവും തളർന്ന് പോയി. ഒടുവിൽ 13 വർഷം മുമ്പ് ജൻമനാടായ മേലൂരിൽ നിന്നും കുടുംബം കായലോട്ടേക്ക് ചേക്കേറുകയായിരുന്നു.
തളർന്ന കൈകൾ കൊണ്ട് മൊബൈൽ ഫോണിൽ പതുക്കെ എഴുതിയുണ്ടാക്കിയ അക്ഷരക്കൂട്ടുകൾ അമ്മ പകർത്തിയെഴുതിയാണ് ഈ നോവൽ രചിക്കപ്പെട്ടത്.