കാഞ്ഞങ്ങാട്: ദേശീയപാത വികസനത്തിനിടെ ഓവുചാൽ മൂടിയതോടെ വെള്ളം ഒഴുകിപ്പോകാൻ വഴിയില്ലാതെ മഴവെള്ളം ശ്രീരാമക്ഷേത്രത്തിലേക്കൊഴുകി. ഇതോടെ ക്ഷേത്രം വെള്ളത്തിനടിയിലായി. ദേശീയപാതയിൽ മാവുങ്കാലിൽ മേൽപ്പാലം പണി നടന്നു വരികയാണ്. ഇതോടെ കിഴക്കു ഭാഗത്തെ ഓവുചാൽ പൂർണമായും മണ്ണിനടിയിലായി.
ഇതേതുടർന്ന് വടക്കുഭാഗത്ത് നിന്നും ഒഴുകി വരുന്ന വെള്ളം ക്ഷേത്ര മതിൽ തകർത്താണ് ക്ഷേത്രത്തിനകത്തേക്ക് ഒഴുകുന്നത്. ക്ഷേത്രത്തിൽ വെള്ളം കയറിയതോടെ ഭക്തർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ചെറുതല്ല. ഓരോ ദിവസവും നൂറുകണക്കിന് ഭക്തജനങ്ങളാണ് ദേശീയപാതയോരത്തുള്ള ശ്രീരാമ ക്ഷേത്രത്തിലെത്തുന്നത്. മാവുങ്കാലിലെ പാണത്തൂർ റോഡ് ജംഗ്ഷനിലും കാഞ്ഞങ്ങാട്ടേക്ക് തിരിയുന്ന റോഡ് ജംഗ്ഷനിലും ചെറിയ മഴയിൽ പോലും വെള്ളക്കെട്ട് രൂപപ്പെടും. മഴക്കാലം ആരംഭിച്ചത് മുതൽ ജനങ്ങളും വ്യാപാരികളും വാഹനങ്ങളും പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങൾ ഇതിന്റെ ദുരിതം അനുഭവിക്കുകയാണ്. ജനങ്ങൾക്ക് അസൗകര്യമുണ്ടാകുന്ന തരത്തിൽ റോഡ് വികസനം പാടില്ലെന്നാണ് നാട്ടുകാരുടെ ആവശ്യം.