
പഴയങ്ങാടി:നവീകരണ പ്രവൃത്തിക്കിടെ കനത്ത മഴയിൽ തകർന്ന സുൽത്താൻ കനാൽ സംരക്ഷണഭിത്തി പുനർനിർമ്മിക്കാതെ ഉൾനാടൻ ജലഗതാഗതവകുപ്പിന്റെ അലംഭാവം. മൂന്നോളം വീടുകൾക്ക് ഇതിനകം വിള്ളൽ വീണുകഴിഞ്ഞിട്ടുണ്ട്. മാടായി പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ വാടിക്കൽ കടവിന് സമീപത്തെ കാരിക്കൽ പ്രദേശത്തെ കനാലിന്റെ നാല് ഭാഗങ്ങളിലെ സംരക്ഷണ ഭിത്തിയാണ് കനത്ത മഴയിൽ തകർന്നത്. മറ്റു ഭാഗങ്ങളും തകർച്ചയുടെ വക്കിലാണ്.
തകർന്ന പാർശ്വഭിത്തി പുനർനിർമ്മിക്കാൻ കഴിഞ്ഞവർഷം 5.8 കോടി സർക്കാർ അനുവദിച്ചിരുന്നു. എന്നാൽ പ്രവൃത്തി തുടങ്ങാനായില്ല. 26 വർഷം മുമ്പ് കെട്ടിയ സംരക്ഷണഭിത്തിക്ക് മുകളിൽ നടപ്പാത നിർമ്മിച്ചതാണ് തകർച്ചയുടെ കാരണം.സംരക്ഷണഭിത്തി പൂർണമായും തകർന്ന് കനാലിൽ പതിച്ച നിലയിലാണ്.ഭിത്തി തകർന്ന ഭാഗത്തോട് ചേർന്ന് വീടുകളാണ് അപകടഭീഷണി നേരിടുന്നത്. ഈ വീടുകൾ ഏതുസമയത്തും തകരുമെന്ന നിലയിലാണ്.
മണൽ നീക്കി, കാലപ്പഴക്കം ദുർബലമാക്കി
നവീകരണത്തിന്റെ ഭാഗമായി കനാലിൽ നിന്ന് മണൽ നീക്കിയതും മുകളിൽ നടപ്പാത നിർമ്മിച്ചതുമാണ് സംരക്ഷണ ഭിത്തി തകർന്നതിന് പിന്നിലെന്നാണ് നാട്ടുകാർ പറയുന്നത്. എം.വിജിൻ എം.എൽ.എ നിയമസഭയിൽ ഇക്കാര്യം ഉന്നയിച്ചപ്പോൾ അടിയന്തിരനടപടിയുണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രി ഉറപ്പ് നൽകിയത്. ഇതിന് ശേഷം
ഇറിഗേഷൻ ഡിസൈൻ ആൻഡ് റിസർച്ച് ബോർഡ് ചീഫ് എൻജിനീയർ ആർ. പ്രിയേഷിന്റെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥർ കനാൽ സന്ദർശിച്ചതിൽ നടപടി ഒതുങ്ങി.
സുൽത്താൻ കനാൽ
മാടായി പഞ്ചായത്തിലുള്ള കുപ്പം പുഴയും പെരുമ്പപുഴയിലെ മൂലക്കീൽ ഭാഗവും തമ്മിൽ ബന്ധിപ്പിക്കുന്ന സുൽത്താൻ കനാൽ 1766ൽ മൈസൂർ ഭരണാധികാരിയായിരുന്ന ഹൈദർ അലിയാണ് നിർമ്മിച്ചത്. രണ്ട് നൂറ്റാണ്ടിലധികം വൻതോതിലുള്ള ഉൾനാടൻ ജലഗതാഗതത്തിന് ഈ കനാൽ ഉപയോഗിച്ചിരുന്നു. 1957ൽ ഇ എം എസ് സർക്കാരിന്റെ കാലത്താണ് ആദ്യമായി കനാൽ നവീകരിച്ചത്. 1996ൽ നായനാർ ഗവൺമെന്റ് 15 കോടി മുടക്കി സുൽത്താൻ കനാലിന്റെ ഇരുഭാഗവും കോൺക്രീറ്റ് ചെയ്ത് നവീകരിച്ചു.
രണ്ടുവർഷം മുമ്പ് തകർന്ന ഭിത്തി പുനർനിർമ്മിച്ചില്ല. കുട്ടികൾ അടക്കമുള്ള കുടുംബം ഭീതിയിലാണ് കഴിയുന്നത്- പി സുലോചന(കനാലിന് അരികിലെ താമസക്കാരി).