perigadi
പെരിങ്ങാടി റെയിൽവേ ഗേറ്റ്

ന്യൂമാഹി: മാഹിപ്പാലം ചൊക്ലി പി.ഡബ്‌‌ള്യു.ഡി. റോഡിലെ പെരിങ്ങാടി റെയിൽവേ ഗേറ്റിൽ ഓവർബ്രിഡ്ജ് എന്നത് പതിറ്റണ്ടുകളായുള്ള ആവശ്യമാണ്. തലശ്ശേരി -മാഹി ബൈപ്പാസ് തുറന്നതോടെ പെരിങ്ങാടി ഗേറ്റിൽ മണിക്കൂറുകൾ നീണ്ട അതിരൂക്ഷമായ ഗതാഗതക്കുരുക്കിൽ വിദ്യാർത്ഥികളും ജോലി ആവശ്യത്തിനും മറ്റും പോകുന്നവരും ഏറെ പ്രയാസം നേരിടുന്നു. ബൈപ്പാസിലെ സ്പിന്നിംഗ് മിൽ കവലയിൽ നിന്നും ഒളവിലം, ചൊക്ലി ഭാഗങ്ങളിൽ നിന്നും നൂറ് കണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്.
ട്രെയിനുകൾ വർദ്ധിച്ചതോടെ ഗേറ്റ് അടച്ചു കഴിഞ്ഞാൽ ചിലപ്പോൾ മൂന്നും നാലും ട്രെയിനുകൾ കടന്ന് പോയാൽ മാത്രമേ ഗേറ്റ് തുറക്കുകയുള്ളൂ .ഇത് കിലോമീറ്ററുകളോളം നീണ്ട ക്യൂവിന് ഇടയാക്കും. ബസുകളും ഭാര വാഹനങ്ങളുമുൾപ്പടെ ഇടതടവില്ലാതെ വാഹനങ്ങൾകടന്നുപോകുന്ന ഈ റോഡിൽ കാലത്തും വൈകീട്ടും നിരവധി വിദ്യാലയങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികളും, തൊഴിലിടങ്ങളിലേക്ക് പോകുന്നവരുമടക്കം ഏറേനേരം കാത്ത് കിടക്കേണ്ടി വരുന്നു. കൃത്യസമയത്ത് എത്തിച്ചേരാനുമാവുന്നില്ല.
ഇതിനേക്കാൾ അപ്രധാനമായ റോഡുകൾക്ക് ഓവർ ബ്രിഡ്ജുകൾ നിർമ്മിച്ചിട്ടുണ്ടെന്നിരിക്കെ, വാഹനത്തിരക്കേറിയ പെരിങ്ങാടി ഗേറ്റിനോട് കാണിക്കുന്ന അവഗണനയിൽ നാട്ടുകാർക്ക് ശക്തമായ പ്രതിഷേധമുണ്ട്. മാഹി പാലത്തു നിന്നും ചൊക്ലി, കൂത്തുപറമ്പ്, പാനൂർ, ഒളവിലം, പെരിങ്ങത്തൂർ പ്രദേശങ്ങളിലേക്ക് ഈ ഗേറ്റ് കടന്നുവേണം പോകാൻ.

മുറവിളി തുടങ്ങിയിട്ട് രണ്ട് ദശകങ്ങളായി

ഓവർ ബ്രിഡ്ജിന് വേണ്ടിയുള്ള മുറവിളി തുടങ്ങിയിട്ട് രണ്ട് ദശകങ്ങളായി. ജനപ്രതിനിധികളും, ആക്ഷൻ കമ്മിറ്റിയും പലവട്ടം അധികൃതരെ നേരിൽ കാണുകയും, നിരന്തരം നിവേദനങ്ങൾ നൽകുകയും ചെയ്‌തെങ്കിലും അനുകൂല നടപടികളൊന്നുമുണ്ടായില്ല. അതിനിടെ അണ്ടർ പാസേജാണ് വേണ്ടതെന്നും, നിലവിലുള്ള സ്ഥലത്ത് നിന്ന് വിട്ടു മാറി റോഡിലെ കയറ്റിറക്കങ്ങളും വളവ് തിരിവുകളും മാറ്റി, തൊട്ടടുത്ത മറ്റൊരു സ്ഥലത്ത് സൗകര്യ പ്രദമായ ഓവർ ബ്രിഡ്ജ് നിർമ്മിക്കണമെന്നും വ്യത്യ സ്താഭിപ്രായങ്ങളുമുയർന്നു. എന്നാൽ ശാസ്ത്രീയമായി പഠിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ ഇതേവരെ സാധിച്ചിട്ടുമില്ല.

വടകര എം.പിയായി തിരഞ്ഞെടുക്കപ്പെട്ട ഷാഫി പറമ്പിൽ റെയിൽവേ ക്രേസിംഗിലെ മേൽപ്പാലം യഥാർത്ഥ്യമാക്കാൻ സത്വര നടപടി സ്വീകരിക്കണം. തിരഞ്ഞെടുപ്പ് വേളയിൽ മേൽപ്പാലത്തിന് വേണ്ടി പരിശ്രമിക്കുമെന്ന് അദ്ദേഹം ദേശവാസികൾക്ക് ഉറപ്പ് നൽകിയിരുന്നു.

യാത്രികരും ദേശ വാസികളും