
കൊട്ടിയൂർ: ഗൂഢപൂജകൾ തുടരുന്ന വൈശാഖ മഹോത്സവം അവസാന ദിവസങ്ങളിലേക്ക് പ്രവേശിക്കുന്നു.
നല്ലൂരാൻ സ്ഥാനികൻ സമർപ്പിച്ച കലങ്ങൾ ഉപയോഗിച്ചുള്ള പൂജകളാണ് അക്കരെ സന്നിധാനത്ത് നടന്നത്. നാലാമത്തെയും അവസാനത്തെയുമായ അത്തം ചതുശ്ശതം വലിയ വട്ടളം പായസം ഇന്ന് പെരുമാൾക്ക് നിവേദിക്കും. അത്തം നാളിലെ പായസ നിവേദ്യം ദേവസ്വം വകയാണ്.
ഇന്ന് ഉച്ചശീവേലി സമയത്ത് തിരുവഞ്ചിറയിൽ വാളാട്ടം നടക്കും.മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ നിന്ന് എഴുന്നള്ളിച്ചെത്തിച്ച മൂന്ന് വാളുകളുമായി വാളശ്ശന്മാർ ശീവേലി സമയത്ത് തിരുവഞ്ചിറയിൽ ഇറങ്ങി ദേവീദേവന്മാരുടെ തിടമ്പുകളെ ഉഴിഞ്ഞ് ചൈതന്യം ഏറ്റുവാങ്ങുന്നതാണ് വാളാട്ടം.തുടർന്ന് കുടിപതികളുടെ തേങ്ങയേറും നടത്തും.പൂവറയ്ക്കും അമ്മാറക്കൽ തറയ്ക്കും മദ്ധ്യേയുള്ള സ്ഥാനത്തെ ശിലയിൽ വടക്കോട്ട് തിരിഞ്ഞുനിന്ന് പ്രായക്രമമനുസരിച്ചാണ് തേങ്ങയേറ് നടത്തുക. മത്തവിലാസം കൂത്ത് സമർപ്പണവും അത്തം നാളിലാണ്.തൃക്കലശാട്ടിന് മുന്നോടിയായുള്ള കലശപൂജയും ഇന്ന് നടക്കും.
തിങ്കളാഴ്ചയാണ് തൃക്കലശാട്ടം. ചെറുകലശങ്ങൾ ആടിക്കഴിഞ്ഞാൽ പ്രധാന കലശങ്ങൾ എഴുന്നള്ളിച്ച് എത്തിച്ച് പെരുമാൾക്ക് അഭിഷേകം നടത്തും.തൃക്കലശാട്ടവും അനുബന്ധ പൂജകളും കഴിഞ്ഞാൽ തന്ത്രിമാരുടെയും ഉപ തന്ത്രിമാരുടെയും കുടുംബങ്ങളിൽ നിന്ന് സന്നിഹിതരായ മുഴുവൻ അംഗങ്ങളും പൂർണ പുഷ്പാഞ്ജലി നടത്തും.
തൃക്കലശാട്ടിന്റെ പര്യവസാനത്തിൽ മുതിരേരിയിലെ വാൾ തിരിച്ചെഴുന്നള്ളിക്കും. തുടർന്ന് 'യാത്രാബലി' എന്ന ചടങ്ങും നടക്കും. അതോടൊപ്പം ദേവീദേവ വിഗ്രഹങ്ങൾ ഇക്കരെ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിക്കും. ഭണ്ഡാരവും തിരിച്ചെഴുന്നള്ളിക്കും.