medal

കൊളംബോയിൽ നടന്ന മീറ്റിൽ സ്വർണവും വെള്ളിയും നേടി ബിജുവും ശ്രുതിയും

നീലേശ്വരം:അന്താരാഷ്ട്ര മാസ്റ്റേഴ്സ് മീറ്റിലെ 5000 മീറ്റർ നടത്തത്തിൽ ഭാര്യയ്ക്ക് സ്വർണം. അയ്യായിരം മീറ്റർ ഓട്ടത്തിൽ ഭർത്താവിന് വെള്ളി.കരിന്തളം പറമ്പത്ത് വീട്ടിലെ റിട്ട.മിലിട്ടറി ഉദ്യോഗസ്ഥൻ ബിജുവും ഭാര്യ ശ്രുതിയുമാണ് കൊളംബോയിൽ നടന്ന ലോകമീറ്റിലെ മെഡലുകൾ ഒരെ വീട്ടിലെത്തിച്ചത്.

ഇരുവർക്കും വിദ്യാഭ്യാസകാലം തൊട്ട് കായികമേഖലയിൽ കാര്യമായ മേൽവിലാസമൊന്നുമുണ്ടായിരുന്നില്ല.

ബിജു സൈനിക സേവനത്തിനിടയിൽ ഇൻറർബറ്റാലിയൻ ചാമ്പ്യൻഷിപ്പിലും കമ്പനി ചാമ്പ്യൻഷിപ്പിലും പങ്കെടുത്തിട്ടുണ്ട്. ആയ്യായിരം മീറ്റർ ഓട്ടമായിരുന്നു അന്നും ഇനം. സൈനികസേവനത്തിന് ശേഷം ഡിഫെൻസ് സെക്യൂരിറ്റി കോർഡിലും പിന്നീട് മിലിട്ടറി എൻജിനീയറിംഗ് സർവ്വീസിലും സേവനമനുഷ്ഠിച്ചതിന് ശേഷമാണ് മാസ്റ്റേർസ് മീറ്റിൽ പങ്കെടുക്കാൻ തുടങ്ങിയത്.ഈ വർഷം ഹൈദരബാദിൽ നടന്ന അഖിലേന്ത്യാ മാസ്റ്റേർസ് മീറ്റിൽ 5000 മീറ്ററിൽ സ്വർണ്ണ മെഡൽ നേടിയാണ് കൊളംബോ മീറ്റിലേക്ക് സെലക്ഷൻ നേടിയത്.കരിന്തളത്തെ സൈനിക കൂട്ടായ്മയുടെ ഖജാൻജി കൂടിയായ ബിജു ഏഴിമല നാവിക അക്കാദമിയിൽ സേവനമനുഷ്ടിച്ചുവരികയാണ്.

ഭർത്താവിനൊപ്പം പ്രാക്ടീസ് നടത്തിയാണ് ശ്രുതി മാസ്റ്റേർസ് മീറ്റിൽ അവസരം നേടിയത്. മെഡൽ നേടിയ ഇരുവരും കരിന്തളം സൈനിക കൂട്ടായ്മക്കും നാട്ടുകാർക്കും അഭിമാനമായി. ശ്രുതി കരിന്തളം നവോദയ വായനശാല വനിതവേദി സെക്രട്ടറി കൂടിയാണ്.സഞ്ജന,​ജീന എന്നിവരാണ് ഇവരുടെ മക്കൾ.