nedumpi
നിടുംപൊയിൽ ചുരത്തിൽ മാലിന്യം തള്ളിയ സ്ഥലം അസിസ്റ്റന്റ് കളക്ടർ ഗ്രൻഥെ സായികൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കുന്നു

പേരാവൂർ: ചുരങ്ങളിൽ ശുചിത്വ പരിപാലനം ഉറപ്പുവരുത്തുന്നതിനായി നിയമസഭ പരിസ്ഥിതി സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് കളക്ടർ ഗ്രൻഥെ സായികൃഷ്ണയുടെ നേതൃത്വത്തിലുള്ള പരിശോധനാ അംഗങ്ങൾ പാൽച്ചുരം, നിടുംപൊയിൽ ചുരം എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.

ചുരത്തിൽ മാലിന്യം തള്ളുന്നത് വ്യാപകമായതോടെയാണ് നേരത്തെ താമരശ്ശേരി ചുരത്തിൽ നടപ്പിലാക്കിയ വാച്ച് ആൻഡ് വാർഡിനെ നിയോഗിക്കുന്നതിനുള്ള സാദ്ധ്യത പരിശോധിക്കുന്നതിന് കണ്ണൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനോട് സർക്കാർ റിപ്പോർട്ട് ആവശ്യപെട്ടത്. ഇതേത്തുടർന്നാണ് കണ്ണൂർ ജില്ലയുമായി അതിർത്തി പങ്കിടുന്ന നിടുംപൊയിൽ, പാൽച്ചുരം സന്ദർശിച്ചു റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർ സമിതിയെ നിയോഗിച്ചത്. ഡി.ടി.പി.സി സെക്രട്ടറി ജെ.കെ.ജിജേഷ് കുമാർ, ശുചിത്വ മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ കെ.ആർ. അജയകുമാർ, ഹരിതകേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ, ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ പി.കെ.സൂരജ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

പേരിയ നിടുംപൊയിൽ ചുരത്തിൽ കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ, പഞ്ചായത്ത് അംഗം ജിമ്മി അബ്രഹാം എന്നിവരും ബോയ്സ് ടൗൺപാൽ ചുരത്തിൽ കൊട്ടിയൂർ പഞ്ചായത്ത് സ്ഥിരസമിതി അദ്ധ്യക്ഷൻ ഷാജി പൊട്ടയിൽ, അസിസ്റ്റന്റ് സെക്രട്ടറി രമേശ് ബാബു കൊയിറ്റി, ഹെൽത്ത് ഇൻസ്‌പെക്ടർ പി.അനിത എന്നിവരും മാലിന്യം തള്ളുന്ന കേന്ദ്രങ്ങൾ സംഘത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. കേളകം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജി.പ്രവീൺകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും പരിശോധന ടീമിന് ഒപ്പമുണ്ടായിരുന്നു. രണ്ട് ചുരങ്ങളിലും മാലിന്യം തള്ളിയ ഇടങ്ങൾ സംഘം പരിശോധിച്ചു.

സംഘം മുന്നോട്ടുവയ്ക്കുന്ന സാദ്ധ്യതകൾ

ഗ്രാമ- ബ്ലോക്ക് -ജില്ലാ പഞ്ചായത്ത് സഹകരണത്തോടെ സി.സി.ടി.വി കാമറകൾ സ്ഥാപിക്കൽ

കൂടുതൽ സ്ഥലങ്ങളിൽ ശുചിത്വ ഫെൻസിംഗ് സ്ഥാപിക്കൽ. ഇതിനായി സ്‌പോൺസർഷിപ്പ് ഉൾപ്പെടെയുള്ളവ കണ്ടെത്തും.

മാലിന്യം ശേഖരിക്കുന്നതിനായി വിവിധ സ്ഥലങ്ങളിൽ വേസ്റ്റ് ബിന്നുകൾ പഞ്ചായത്തിന്റെ സഹകരണത്തോടെ സ്ഥാപിക്കുക