പാനൂർ: പാലക്കാട് ഇലക്ട്രിസിറ്റി ഓഫീസ് ജീവനക്കാരനായ മനേക്കര കുനിയാമ്പ്രത്തെ പാളിൽ വികാസിന്റെ പറമ്പിൽ നിന്ന് ഏപ്രിൽ മാസം കണ്ടെത്തിയ പെരുമ്പാമ്പിൻ മുട്ടകൾ വിരിഞ്ഞു. ഫോറസ്റ്റ് വാച്ചറായ ബിജിലേഷ് കോടിയേരിയാണ് മുട്ടകൾ സംരക്ഷിച്ചത്. കുട്ടികൾ കളിക്കുന്ന പറമ്പിന് സമീപത്ത് വച്ചാണ് വികാസ് കൂറ്റൻ പെരുമ്പാമ്പിനെ കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫോറസ്റ്റ് വാച്ചർ ബിജിലേഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ തൊട്ടപ്പുറത്തെ പറമ്പിനോട് ചേർന്ന കുഴിയിൽ 35 പെരുമ്പാമ്പിന്റെ മുട്ടകളും കണ്ടെത്തി. കുഴിയിൽ നിന്നും മുട്ടകൾ ശ്രദ്ധയോടെ പെട്ടിയിലേക്ക് മാറ്റിയ ബിജിലേഷ് തൊട്ടപ്പുറത്തെ കുഴിയിലേക്ക് ഇഴഞ്ഞു കയറിയ പെരുമ്പാമ്പിനെ ഏറെ സമയമെടുത്ത് പിടികൂടുകയും ചെയ്തിരുന്നു. പിടികൂടിയ പെരുമ്പാമ്പിനെ അതിന്റെ ആവാസ വ്യവസ്ഥയിലേക്ക് തുറന്നു വിട്ടു. തുടർന്ന് മുട്ടകൾ ഫോറസ്റ്റ് ഓഫീസർമാരുടെ നിർദ്ദേശപ്രകാരം ബിജിലേഷ് തന്റെ സംരക്ഷണയിൽ സൂക്ഷിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച മുതലാണ് മുട്ടകൾ വിരിയാൻ തുടങ്ങിയത്. തിങ്കളാഴ്ച്ചയായപ്പോഴേക്കും 35 മുട്ടകളും പൂർണ്ണമായും വിരിഞ്ഞു. നേരത്തെയും പെരുമ്പാമ്പിൻ മുട്ടകൾ ലഭിച്ചിരുന്നെങ്കിലും ആദ്യമായാണ് 35 മുട്ടകൾ ഒന്നിച്ച് ലഭിച്ചതെന്നും ഇവയെ കണ്ണവം കാട്ടിൽ തുറന്നുവിടുമെന്നും ബിജിലേഷ് പറഞ്ഞു. റസ്‌ക്യുവറായ യാഗേഷ് കൃഷ്ണയും സഹായിയായുണ്ടായിരുന്നു.