കണ്ണൂർ: കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധം. അധിക ബാച്ചുകൾ അനുവദിച്ച് മലബാറിലെ പ്ലസ് വൺ സീറ്റ് വിഷയം അടിയന്തരമായി പരിഹരിക്കുക, കണ്ണൂർ യൂണിവേഴ്സിറ്റി എഫ്.വൈ.യു.ജി.പി മുഴുവൻ സെമസ്റ്റർ സിലബസും അടിയന്തരമായി പ്രസിദ്ധീകരിക്കുക, ശനിയാഴ്ച പ്രവൃത്തി ദിനമാക്കിയ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്.
ഡി.സി.സിയിൽ നിന്നും പ്രകടനമായെത്തിയ പ്രവർത്തകർ കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധിക്കുകയും ബാരിക്കേഡ് തള്ളിമാറ്റാനും ശ്രമിച്ചു. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് മാർച്ച് ഉദ്ഘാടനം ചെയ്തു. മാർച്ചിനെ തുടർന്ന് വൻ പൊലീസ് സന്നാഹമാണ് കളക്ടറേറ്റ് പരിസരത്ത് നിലയുറപ്പിച്ചത്.