public-health

പ്രാദേശിക പൊതുജനാരോഗസമിതികളിൽ പരാതി നൽകിയാൽ ഉടൻ നടപടി

കണ്ണൂർ:പൊതുജനാരോഗ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ ഇനി മുതൽ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടാൽ കാരണക്കാരാകുന്നവർ കുടുങ്ങും.അതാത് പ്രദേശത്തെ ഏത് ആരോഗ്യ പ്രശ്നങ്ങളിന്മേലും പ്രാദേശിക പൊതുജനാരോഗ്യ സമിതികൾക്ക് മുമ്പാകെ പരാതി നൽകിയാൽ പിഴ അടക്കമുള്ള നടപടിയെടുക്കാനാണ് ജില്ല പൊതുജനാരോഗ്യസമിതിയുടെ തീരുമാനം.

രേഖാമൂലം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്ന പരാതികളിന്മേലാണ് നടപടി.പരാതികൾ അതാത് പ്രാദേശിക പബ്ലിക് ഹെൽത്ത് ഓഫീസർമാരായ മെഡിക്കൽ ഓഫീസർമാർ പരിശോധിച്ച് നടപടി സ്വീകരിക്കും.രേഖാമൂലം നിർദേശം നൽകിയിട്ടും പാലിക്കാത്തവരിൽ നിന്ന് പിഴ ശിക്ഷ ഈടാക്കും.രണ്ടായിരം മുതൽ അരലക്ഷം വരെയാണ് രൂപ വരെയാണ് പിഴ . പിഴ അടച്ചതിന് ശേഷവും കുറ്റം ആവർത്തിക്കുകയോ നിശ്ചിതകാലയളവിനുള്ളിൽ പിഴ ശിക്ഷ അടയ്ക്കാതിരിക്കുകയോ ചെയ്യുകയാണെങ്കിൽ കോടതി നടപടി നേരിടേണ്ടി വരും. കേരള പൊതുജനാരോഗ്യ നിയമം 2023 പ്രകാരമുള്ള ജില്ല പൊതുജനാരോഗ്യ സമിതി ചേർന്ന ആദ്യയോഗത്തിലാണ് ഈ തീരുമാനങ്ങളെടുത്തത്.

പബ്ലിക് ഹെൽത്ത് ഓഫീസർമാർ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സംബന്ധിച്ച് മൂന്ന് മാസത്തിലൊരിയ്ക്കലെങ്കിലും സമിതി മുമ്പാകെ റിപ്പോർട്ട് ചെയ്യാനും തീരുമാനമെടുത്തിട്ടുണ്ട്.

നടപടി നേരിടേണ്ടിവരും

ഡെങ്കിപനി വ്യാപനത്തിന് കാരണമാകുന്ന തരത്തിൽ കൊതുക് വളരുന്ന സാഹചര്യമുള്ള തോട്ടം ഉടമകൾ

വേണ്ടത്ര ശുചിത്വമില്ലാതെ മലിനമായ ചുറ്റുപാടുകളിൽ പ്രവർത്തിക്കുന്ന രാത്രികാല തട്ടുകടകൾ ഹോട്ടലുകൾ

മാലിന്യം പൊതുസ്ഥലത്ത് തള്ളുവന്നവർ

പൊതുജനാരോഗ്യസമിതി

ജില്ല പൊതുജനാരോഗ്യ സമിതിയുടെ അദ്ധ്യക്ഷ ജില്ല പഞ്ചായത്ത് പ്രസിഡന്റും ഉപാദ്ധ്യക്ഷൻ ജില്ലാ കളക്ടറുമാണ്. ജില്ല മെഡിക്കൽ ഓഫിസർ മെമ്പർ സെക്രട്ടറിയാണ്. പ്രാദേശിക തലത്തിലുള്ള പൊതുജനാരോഗ്യസമിതിയിൽ അതാത് തദ്ദേശ സ്ഥാപന മേധവിമാർ അദ്ധ്യക്ഷനും അതാത് മെഡിക്കൽ ഓഫിസർമാർ സെക്രട്ടറിമാരുമാണ്.

സമിതിയുടെ പ്രവർത്തനം

സംസ്ഥാന, ജില്ലാ പ്രാദേശിക തല സമിതികളും കൃത്യമായ ഇടവേളകളിൽ യോഗം ചേരും

അതത് പ്രദേശത്തെ പകർച്ചവ്യാധികൾ കൃത്യമായി വിലയിരുത്തി പ്രതിരോധ നടപടി സ്വീകരിക്കും

മഴക്കാലം മുന്നിൽ കണ്ട് ഡെങ്കിപ്പനി, എലിപ്പനി പ്രതിരോധനടപടി

മഴക്കാല പൂർവ ശുചീകരണം

ആരോഗ്യ മേഖലയിലെ സുസ്ഥിര വികസനത്തിനുള്ള കർമ്മ പരിപാടികൾ ഫലപ്രദമായി നടപ്പിലാക്കണം