പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ കെ.എസ്.യു യൂണിറ്റ് രൂപീകരിച്ചതിന്റെ പേരിൽ യൂണിറ്റ് പ്രസിഡന്റിനും സഹഭാരവാഹികൾക്കും മർദ്ദനം. പുറത്തുനിന്നെത്തിയ സി.പി.എം പ്രവർത്തകരും എസ്.എഫ്.ഐക്കാരും ചേർന്ന് മർദ്ദിച്ചതായാണ് പരാതി. യൂണിറ്റ് പ്രസിഡന്റും മൂന്നാംവർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയുമായ ഇ.മുഹമ്മദ് ജാസിറിനാണ് (25) മർദ്ദനത്തിൽ പരിക്കേറ്റത്. പരസ്പരം ഉന്തും തള്ളും മർദ്ദനവും നടന്നതോടെ പരിയാരം പൊലീസ് സ്ഥലത്തെത്തി സംഘർഷം ഒഴിവാക്കുകയായിരുന്നു. പയ്യന്നൂരിൽ നിന്ന് ഡിവൈ.എസ്.പി ഉമേഷിന്റെ നേതൃത്വത്തിൽ പൊലീസ് ക്യാമ്പസിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
ചൊവ്വാഴ്ചയാണ് ഇവിടെ മെഡിക്കൽ കോളേജിന്റെ ചരിത്രത്തിലാദ്യമായി കെ.എസ്.യു യൂണിറ്റ് രൂപീകരിച്ചത്. 1993 ൽ മെഡിക്കൽ കോളേജ് ആരംഭിച്ചതു മുതൽ കഴിഞ്ഞ 30 വർഷമായി ഇവിടെ എസ്.എഫ്.ഐക്ക് മാത്രമേ പ്രവർത്തന സ്വാതന്ത്ര്യം ഉണ്ടായിരുന്നുള്ളൂവെന്ന പരാതിയുണ്ടായിരുന്നു. നേരത്തെ കെ.എസ്.യു, എം.എസ്.എഫ് യൂണിറ്റുകൾ രൂപീകരിക്കാൻ ശ്രമം നടന്നിരുന്നുവെങ്കിലും എസ്.എഫ്.ഐ -സി.പി.എം പ്രവർത്തകർ ഭീഷണിപ്പെടുത്തി നീക്കം തടയുകയായിരുന്നുവത്രെ.
29ന് മെഡിക്കൽ കോളേജ് യൂണിയനിലേക്ക് തിരഞ്ഞെടുപ്പ് നടക്കുകയാണ്. 20 മുതൽ 22 വരെയാണ് നോമിനേഷൻ സമർപ്പിക്കേണ്ട സമയം. അതിൽ നിന്നും പ്രവർത്തകരെ തടയുക എന്ന ലക്ഷ്യത്തോടെയാണ് അക്രമം നടത്തിയതെന്ന് കെ.എസ്.യു നേതാവ് റാഹിബ് മാടായി പറഞ്ഞു. ഭീഷണിക്ക് വഴങ്ങില്ലെന്നും എന്തുവിലകൊടുത്തും കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും യൂണിറ്റ് ജന.സെക്രട്ടറി ഹുസ്നുൽ മുനീർ പറഞ്ഞു. കേസിൽ കുടുക്കുമെന്ന് ഭീഷണി മുഴക്കിയതിനാൽ ഒരു വിഭാഗം വിദ്യാർത്ഥികൾ പിൻവാങ്ങിയതായും വിവരമുണ്ട്.