ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിൽപ്പെട്ട പാലത്തിൻകടവ്, കച്ചേരിക്കടവ് ഗ്രാമങ്ങളെ കാട്ടാന ഭീഷണിയിൽ നിന്നു സംരക്ഷിക്കാൻ നടപടികൾ. കണ്ണൂർ ഡി.എഫ്.ഒ ഇൻ ചാർജ് ജോസ് മാത്യു സ്ഥലം സന്ദർശിച്ചു. അയ്യൻകുന്ന് പഞ്ചായത്ത് ജനപ്രതിനിധികളും പ്രദേശവാസികളും പ്രക്ഷോഭ മുന്നറിയിപ്പ് നൽകിയ തലശ്ശേരി അതിരൂപതാ പ്രതിനിധികളും ആയി നടത്തിയ ചർച്ചയിലാണ് പരിഹാര നടപടികൾ സംബന്ധിച്ചു ധാരണ ഉണ്ടായത്. അതിർത്തിയിൽ കേടുപാട് സംഭവിച്ച പാലത്തുംകടവ് കരി മുതൽ പൊട്ടിച്ചപ്പാറ വരെയുള്ള അഞ്ച് കിലോമീറ്റർ സോളാർ വേലി അറ്റകുറ്റപ്പണി നടത്തും. നബാർഡ്, ആർ.കെ.വി.വൈ പദ്ധതികൾ പ്രകാരം 25ന് റീടെൻഡർ വിളിച്ച പ്രവൃത്തികൾ ഉടൻ തുടങ്ങും.
ബാരാപോൾ തീരത്ത് 6.5 കിലോമീറ്ററിൽ 52 ലക്ഷം രൂപയുടെയും കരി പാറയ്ക്കാമല 4 കിലോമീറ്റർ ദൂരം 48 ലക്ഷം രൂപയുടെയും പുല്ലൻപാറത്തട്ട് കരി 1.5 കിലോമീറ്റർ ദൂരം 12 ലക്ഷം രൂപയും ചെലവിൽ സോളാർ തൂക്കുവേലി നിർമ്മിക്കേണ്ട പദ്ധതികളാണിവ.
പാലത്തിൻകടവ്, കച്ചേരിക്കടവ് മേഖലകളിൽ കാട്ടാന ഇറങ്ങി പ്രദേശവാസികളുടെ കൃഷിവിളകൾക്കും ജീവനും തുടർച്ചയായി ഭീഷണി തീർക്കുന്ന സാഹചര്യത്തിൽ പ്രദേശവാസികളും അയ്യൻകുന്ന് പഞ്ചായത്ത് ജനപ്രതിനിധികളും കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു. തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയും കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിലും പ്രശ്നം ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡി.ജയപ്രസാദിന്റെ ശ്രദ്ധയിലും പെടുത്തിയതിനെ തുടർന്നാണ് ഡി.എഫ്.ഒ ഇന്നലെ സ്ഥലത്തെത്തി ചർച്ച നടത്തിയത്.
അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം മേരി റജി കോട്ടയിൽ, അയ്യൻകുന്ന് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ഐസക് ജോസഫ്, സീമ സനോജ്, അംഗങ്ങളായ ബിജോയി പ്ലാത്തോട്ടത്തിൽ, എൽസമ്മ, അതിരൂപതാ പാസ്റ്ററൽ കോഓർഡിനേറ്റർ ഫാ. ഫിലിപ്പ് കവിയിൽ, പാലത്തുംകടവ് സെന്റ് ജോസഫ് പള്ളി വികാരി ഫാ. ജോൺ പോൾ, കച്ചേരിക്കടവ് സെന്റ് ജോർജ് പള്ളി വികാരി ഫാ. മാത്യു പൊട്ടംപ്ലാക്കൽ, കത്തോലിക്കാ കോൺഗ്രസ് അതിരൂപതാ വൈസ് പ്രസിഡന്റ് ബെന്നിച്ചൻ മഠത്തിനകം, റേഞ്ചർ സുധീർ നെരോത്ത്, ഡപ്യൂട്ടി റേഞ്ചർ കെ.ജിജിൽ എന്നിവർ പ്രസംഗിച്ചു.
ചർച്ചയിലെ മറ്റു തീരുമാനങ്ങൾ
വന്യമൃഗശല്യം മൂലം കൃഷിനാശവും വസ്തുനാശവും സംഭവിച്ചവർക്ക് ഇ ഡിസ്ട്രിക്ട് മുഖേന അപേക്ഷ സമർപ്പിച്ചാൽ തുക ലഭ്യമാകുന്ന മുറയ്ക്ക് അനുവദിക്കും
സോളർ വേലി സംരക്ഷിക്കുന്നതിനു പഞ്ചായത്ത് സഹായത്തോടു കൂടി പ്രാദേശികമായി ആളുകളെ നിയോഗിക്കും
കാട് വെട്ടിത്തെളിക്കാത്ത സ്വകാര്യ കൈവശ ഭൂമികളിൽ കാട് വെട്ടിത്തെളിക്കാൻ നിർദേശിക്കും
ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാനകളെ കണ്ണൂർ ആർ.ആർ.ടിയുടെ നേതൃത്വത്തിൽ പകൽ സമയം കാട്ടിലേക്കു തുരത്തും