നീലേശ്വരം: നഗരസഭയുടെ പുതിയ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്‌സിന്റെ കോൺക്രീറ്റ് പ്രവൃത്തി പൂർത്തിയായി. വാഹന പാർക്കിംഗിനുള്ള അണ്ടർ ഗ്രൗണ്ട് നിർമ്മാണം പൂർത്തിയായതിന് പിന്നാലെയാണ് കോൺക്രീറ്റ് പ്രവൃത്തികളും പൂർത്തീകരിച്ചത്. കഴിഞ്ഞ സപ്തംബർ അവസാനവാരത്തിൽ ആരംഭിച്ച നിർമ്മാണ പ്രവൃത്തി അതി വേഗതയിലാണ് നടക്കുന്നത്. പഴയ ബസ് സ്റ്റാൻഡ് കോംപ്ലക്സ് ഉണ്ടായിരുന്ന സ്ഥലത്ത് റോഡിന് അഭിമുഖമായിട്ടാണ് 16.15 കോടി രൂപ ചെലവിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നത്. മൂന്നു നിലകളിലുള്ള കെട്ടിടത്തിൽ ആധുനിക സൗകര്യങ്ങളാണ് ഉണ്ടാകുക. ആദ്യ രണ്ട് നിലകളിൽ കടമുറികളും മൂന്നാം നിലയിൽ ഓഫീസുകളും പ്രവർത്തിക്കും. എസ്റ്റിമേറ്റ് തുകയിൽ 14.53 കോടി രൂപ കേരള അർബൻ ആൻഡ് റൂറൽ ഡവലപ്‌മെന്റ് ഫിനാൻസ് കോർപറേഷൻ മുഖേനയുള്ള വായ്പയാണ്. ശേഷിക്കുന്ന തുക നഗരസഭയുടെ തനതു ഫണ്ടിൽ നിന്നു കണ്ടെത്തുന്നു. 11.6 കോടി രൂപയുടെ സിവിൽ വർക്കുകളുടെ കരാർ നടപടികളാണ് പൂർത്തിയായത്. 24 മാസമാണ് കരാർ കാലാവധി.
കാലാവധിക്ക് മുമ്പെ
പണി പൂർത്തിയാക്കും
നിരവധി സംസ്ഥാന- കേന്ദ്ര സർക്കാർ കെട്ടിടങ്ങൾ ഉൾപ്പെടെ സ്തുതിർഹമായി നിർമ്മാണം പൂർത്തീകരിച്ച നീലേശ്വരത്തെ കെ.ജെ ജോയ് എൻജിനീയറിംഗ് കോൺട്രാക്ടറാണ് ഷോപ്പിംഗ് കോംപ്ലക്സിന്റെ കരാറുകാരൻ. രണ്ട് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കാനാണ് കരാറെങ്കിലും കാലാവധിക്ക് മുമ്പേതന്നെ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് യാഥാർത്ഥ്യമാക്കാൻ കഴിയുമെന്നാണ് കരാറുകാരൻ പറയുന്നത്.