yoga
ഉഡ്യാന ബന്ധത്തിൽ യോഗ പരിശീലകൻ ബിജു കാരായി

കൂത്തുപറമ്പ്: സ്‌പോർട്സ് യോഗയിൽ കേരളത്തിന്റെ താരമായി കൂത്തുപറമ്പ് കൈതേരി തേൻപുളിയിലെ ബിജു കാരായി.

വർഷങ്ങളായി പാരമ്പര്യ യോഗയിൽ പരിശീലകനായ ബിജു നാഷണൽ യോഗ ചാമ്പ്യൻഷിപ്പിൽ ദേശീയ, സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ നിരവധി മെഡലുകൾ നേടി. 2024ൽ നടന്ന ദേശീയ സ്‌പോർട്സ് കൗൺസിലിന്റെ നാഷണൽ യോഗ ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ ജേതാവാണ്. കേരളത്തിൽ ആദ്യമായാണ് ഈ അംഗീകാരം. കൂടാതെ യോഗാസന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ കാറ്റഗറി 40 - 50 വിഭാഗത്തിൽ 2021, 22, 23 വർഷങ്ങളിൽ ഹാട്രിക് ചാമ്പ്യൻഷിപ്പും കരസ്ഥമാക്കി.

നാട്ടിൽ നിന്ന് യോഗയുടെ പ്രാഥമിക പഠനം പൂർത്തിയാക്കിയ ബിജു ഹരിദ്വാറിൽ ബാബ രാംദേവിന്റെ ശിഷ്യനായി യോഗ സർട്ടിഫിക്കറ്റ് ബോർഡിന്റെ ലെവൽ വൺ സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. നിലവിൽ കേന്ദ്ര യുവജന ക്ഷേമ വകുപ്പിന്റെയും കായിക മന്ത്രാലയത്തിന്റെയും സ്‌പോർട്സ് യോഗ കോച്ചാണ്. വർഷങ്ങളായി പാരമ്പര്യ യോഗ പരിശീലനം ഓൺലൈൻ വഴിയും ഓഫ് ലൈൻ വഴിയും നൽകിവരുന്ന ബിജുവിന് ഏറെ താൽപര്യം സ്‌പോർട്സ് യോഗയിലാണ്. യോഗാസനയുടെ കണ്ണൂർ ജില്ല പ്രസിഡന്റ് ആണ്

യോഗ പഠിച്ചത് വേദന മാറാൻ

സ്വന്തം കഴുത്ത് വേദനയും നടുവേദനയും മാറ്റിയെടുക്കാൻ യോഗയിൽ ചേർന്ന് ഈ അസുഖങ്ങൾ പൂർണമായി മാറിയതോടെയാണ് ഇദ്ദേഹം യോഗയിലും തുടർന്ന് യോഗ പരിശീലനത്തിലും സജീവമായത്. നിലവിൽ കേരളത്തിലെ 18 സ്‌പോർട്സ് യോഗ പരിശീലകരിൽ ഒരാളായ ബിജു, കഠിനാസനങ്ങളായ ശീർഷാസനം, മയൂരാസനം, വൃശ്ചികാസനം എന്നിവയ്ക്ക് പുറമേ അനന്തശയന ശിലാസനം ദേശീയ തലത്തിൽ ചെയ്യുന്ന അപൂർവ്വം പേരിൽ ഒരാളാണ്. നൗളിക്രിയ, ഉഡ്യാന ബന്ധം എന്നിവയും അനായാസം ചെയ്യുന്നു.