course
പത്താം തരം തുല്യതാ കോഴ്സ്

കണ്ണൂർ: 5000 പേർക്ക് സൗജന്യമായി പത്താം തരം തുല്യതാ കോഴ്സിൽ ചേർന്ന് പഠിക്കാൻ അവസരമൊരുക്കി പത്താമുദയം രണ്ടാം ഘട്ടം. പത്താം തരം വിജയിച്ച വനിതകൾക്ക് സൗജന്യമായി വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി ഹയർ സെക്കൻഡറി കോഴ്സിൽ ചേരാനും അവസരം നൽകും. ജൂൺ 30 നകം രജിസ്‌ട്രേഷൻ പൂർത്തീകരിക്കും.

കുടുംബശ്രീ വഴി തയ്യാറാക്കുന്ന ലിസ്റ്റിലുള്ളവരെ പ്രേരക്മാർ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തും. യോഗ്യതയുള്ള അദ്ധ്യാപകരെ തിരഞ്ഞെടുത്ത് പരിശീലനം നൽകി ജൂലായ് 28 ന് ക്ലാസുകൾ ആരംഭിക്കും. രണ്ടാം ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ.

ഒന്നാം ഘട്ടത്തിൽ 38 പഠനകേന്ദ്രങ്ങളിലായി 2800 പേർ നിലവിൽ പഠിച്ചു കൊണ്ടിരിക്കുന്നു. അറുപത് പേർക്ക് ഒരു ക്ലാസ് എന്ന നിലയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.
പത്താമുദയം രണ്ടാം ഘട്ടവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺമാർ, പ്രേരക്മാർ തുടങ്ങിയവരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ആസൂത്രണ യോഗം ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ അഡ്വ, കെ.കെ രത്നകുമാരി അദ്ധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി. പ്രശാന്ത് കുമാർ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് സീനിയർ സൂപ്രണ്ട് വി.പി സന്തോഷ് കുമാർ, ടി.വി ശ്രീജൻ, സജി തോമസ്, ജിബിൻ, ശ്രീജിത്ത്, എ.പി അസീറ, വി.ആർ.വി ഏഴോം തുടങ്ങിയവർ സംസാരിച്ചു.

പത്താമുദയം

ജില്ലാ പഞ്ചായത്തും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി സാക്ഷരതാ മിഷന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന സമ്പൂർണ്ണ സെക്കൻഡറി വിദ്യാഭ്യാസ പദ്ധതിയാണ് പത്താമുദയം. അഞ്ച് വർഷം കൊണ്ട് ജില്ലയിലെ 17 വയസിനും 50 വയസിനും ഇടയിലുള്ള മുഴുവൻ പേരെയും പത്താം തരം വിദ്യാഭ്യാസ യോഗ്യതയിലേക്ക് ഉയർത്തുക എന്നതാണ് ലക്ഷ്യം.