photo-

കണ്ണൂർ: ലോഡ്ജിൽ മുറിയെടുത്ത് വിൽപനയ്ക്കായി എത്തിച്ച എം.ഡി.എം.എയും കഞ്ചാവുമായി വിദ്യാർത്ഥികളടക്കം മൂന്ന് പേർ അറസ്റ്റിൽ. വളപട്ടണം പള്ളിക്കുന്നുമ്പ്രം സ്വദേശി മുഹമ്മദ് സിനാൻ(20), വളപട്ടണം മന്ന സ്വദേശി മുഹമ്മദ് ഷെസീൻ(21), അഴീക്കോട് സ്വദേശി പി.പി.ഫർസീൻ(20) എന്നിവരെയാണ് ഫോർട്ട് റോഡിലെ യോയോ സ്റ്റേയിൽ നിന്നും കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ കൈയിൽ നിന്നും 5.60 ഗ്രാം എം.ഡി.എം.എയും 3.72 ഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു.

കഴിഞ്ഞ ദിവസം വൈകീട്ട് 4.50തോടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫോർട്ട് റോഡിലെ ലോഡ്ജിൽ ടൗൺ പൊലീസ് നടത്തിയ പരിശോധനയിലാണ് മൂവരും മയക്കുമരുന്നുമായി പിടിയിലായത്. മുഹമ്മദ് സിനാന്റെ പാന്റിന്റെ പോക്കറ്റിൽ നിന്ന് വെളുത്ത കവറിൽ പൊതിഞ്ഞ രീതിയിലായിരുന്നു എം.ഡി.എം.എ. ഫർസീനിൽ നിന്ന് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞകഞ്ചാവും കണ്ടെടുത്തു. ഹോട്ടൽ റൂമിലെ കട്ടിലിൽ നിന്ന് ലഹരി ഉപയോഗത്തിനുള്ള രണ്ട് ഗ്ലാസ് ഫണൽ, ചെറുകവറുകൾ, 1000 രൂപ, മൂന്ന് മൊബൈൽ ഫോൺ ഉൾപ്പെടെ പൊലീസ് പിടിച്ചെടുത്തവയിൽ പെടുന്നു. പ്രതികളിൽ രണ്ടു പേർ വിദ്യാർത്ഥികളാണ്.

കൈമാറിയത് മറ്റൊരു സംഘം

ജില്ലയിൽ വിൽപനയ്ക്കായി കൊണ്ടുവന്നതാണ് എം.ഡി.എം.എയും കഞ്ചാവുമെന്ന് പൊലീസ് പറഞ്ഞു.കണ്ണൂരിൽ തന്നെയുള്ള മറ്റൊരു സംഘമാണ് പ്രതികൾക്ക് വിൽപനയ്ക്കായി മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്നതെന്നാണ് വിവരം. പ്രതികളെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ ഇതിൽ കൂടുതൽ വ്യക്തത വരുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു. കണ്ണൂർ ടൗൺ എസ്‌.ഐമാരായ സവ്യസാചി, കെ.രാജേഷ്,സി.പി.ഒമാരായ രാജേഷ്, വിനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.