മാഹി: പുതിയ സി.ബി.എസ്.ഇ പാഠ്യപദ്ധതി വന്നതോടുകൂടി മാഹിയിൽ ഭാഷാ പഠനം അവതാളത്തിൽ. യു.പി ഹൈസ്‌കൂൾ വിഭാഗത്തിൽ മലയാളം ഉപപാഠം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകൾ കേരള സിലബസ് പ്രകാരം നിർബന്ധമായും പഠിക്കേണ്ടവയായിരുന്നു. കൂടാതെ അറബിക്ക്, സംസ്‌കൃതം, മലയാളം എന്നിവയിൽ ഏതെങ്കിലും ഒന്നു പ്രത്യേകമായും പഠിക്കേണ്ടതായും ഉണ്ടായിരുന്നു.
എന്നാൽ സി.ബി.എസ്.ഇ യിൽ മാതൃഭാഷയായ മലയാളത്തെ പൂർണ്ണമായും ഒഴിവാക്കി അറബിക്കിനോ, സംസ്‌കൃതത്തിനോ പകരം പഠിക്കേണ്ട ഭാഷ എന്ന രീതിയിലാക്കി. എന്നാൽ പുതുച്ചേരിയിലാവട്ടെ മാതൃഭാഷ എന്ന രീതിയിൽ തമിഴ് നിർബന്ധമായും പഠിക്കേണ്ട ഭാഷയുമാണ്. മാഹിയിൽ വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയിൽ ഇരുന്നവർ പഠിപ്പിച്ച ഭാഷ എന്ന നിലയിൽ ഹിന്ദി മുഖ്യ ഭാഷയുമാക്കിയാണ് മാഹിയിൽ നിലവിൽ ഭാഷാ പഠനം.
ഭാഷാ പഠത്തിനായി അദ്ധ്യാപകർ ഉപയോഗിക്കുന്ന പുസ്തകങ്ങൾ ഏതാണ് എന്നതിനെപ്പറ്റി വിദ്യാഭ്യാസ വകുപ്പിനോ തലവനോ നിശ്ചയമില്ലാത്ത അവസ്ഥയാണ്. സി.ബി.എസ്.ഇ പദ്ധതി പ്രകാരമുള്ള പരിശീലനങ്ങൾ നടന്നുവരികയാണെങ്കിലും ഇംഗ്ലീഷ്, മലയാളം എന്നിവയ്ക്ക് മാത്രമാണ് പരിശീലനം നടക്കുന്നത്.
അതിനിടെ പ്ലസ് വൺ വിദ്യാർത്ഥികൾ പലരും ടി.സി. വാങ്ങി സി.ബി.എസ്. ഇ ഇല്ലാത്ത മാഹിയിലെ സ്വകാര്യ വിദ്യാലയങ്ങളിലും, സമീപത്തെ കേരളീയ വിദ്യാലയങ്ങളിലും ചേരുകയാണ്.
എന്ത് പഠിപ്പിക്കണമെന്നും നിശ്ചയമില്ല
പുതുച്ചേരിയിൽ തമിഴ് പഠനം തമിഴ്നാട് സിലബസ് മുഖേനയായതിനാൽ പുതിയ മലയാള പുസ്തകങ്ങൾ ചീഫ് എഡ്യുക്കേഷണൽ ഓഫീസർ കേരളത്തിൽ നിന്നും വില കൊടുത്തു വാങ്ങിയെങ്കിലും മാറ്റിയ പുസ്തകമാണോ, പുതിയ പുസ്തകമാണോ പഠിപ്പിക്കേണ്ടത് എന്ന ആശയക്കുഴപ്പത്തിലാണ് മലയാളം അദ്ധ്യാപകർ.
നിലവിൽ സംസ്‌കൃതം അദ്ധ്യാപകർ സർവീസിൽ ഇല്ലെങ്കിലും ഒരു പ്രൈമറി ടീച്ചറുടെ കനിവിലാണ് സംസ്‌കൃത പഠനം നടക്കുന്നത്. അതിലും കേരള സിലബസ് ആണോ അതോ മറ്റ് ഏതെങ്കിലും ആണോ എന്ന ആശങ്കയിലാണ് രക്ഷിതാക്കളും കുട്ടികളും.
അറബിക്ക് പഠനമാണ് ഏറെ ആശങ്കയുയർത്തുന്നത്. ചില സ്‌കൂളുകൾ കേരള സിലബസും മറ്റ് ചില സ്‌കൂളുകൾ മറ്റ് സി.ബി.എസ്.ഇ സ്‌കൂളിലെ സിലബസുമാണ് ഉപയോഗിക്കുന്നത്. ഇതിൽ ഒരേ അദ്ധ്യാപിക തന്നെ രണ്ടു സ്‌കൂളുകളിൽ രണ്ടു സിലബസ്സും രണ്ട് രീതികളിലുമാണ് പഠിപ്പിക്കുന്നത്.