കാസർകോട്: മാർക്കറ്റിലെ കുപ്പിവെള്ളങ്ങൾ പരിശോധിക്കണമെന്ന ജില്ലാ വിജിലൻസ് സമിതിയുടെ നിർദ്ദേശത്തെ തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തുകയും നാല് ബ്രാന്റുകൾക്കെതിരെ കേസെടുക്കുകയും ഒരു പ്ലാന്റ് പൂട്ടിക്കുകയും ചെയ്തിട്ടുണ്ടെന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷ കമ്മിഷൻ അംഗം എം.വിജയലക്ഷ്മി പറഞ്ഞു. ജില്ലാ വിജിലൻസ് സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. ജില്ലയിലെ താലൂക്ക് തല വിജിലൻസ് സമിതികൾ കാര്യക്ഷമമായി പ്രവർത്തിച്ചു വരികയാണെന്നും റേഷൻ കട തലത്തിലുള്ള വിജിലൻസ് സമിതികൾ സജീവമാക്കുന്നും അവർ പറഞ്ഞു. ജില്ലയിലെ വാതിൽപടി വിതരണം ഉടൻ പൂർത്തിയാകും. കാസർകോട്, ഹോസ്ദുർഗ് താലൂക്കുകളിൽ 70 ശതമാനം വീതവും വെള്ളരിക്കുണ്ട് താലൂക്കിൽ 30 ശതമാനവും വാതിൽപടി വിതരണം പൂർത്തിയായി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എ.ഡി.എം കെ.വി.ശ്രുതി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സപ്ലൈ ഓഫീസറുടെ ചുമതലയുള്ള എസ്.സുജ, താലൂക്ക് സപ്ലൈ ഓഫീസർമാരായ ജി. മാധവൻപോറ്റി, എം.ഗംഗാധര, കെ.പി.ബാബു, പൊതു പ്രവർത്തകരായ പി.വി.മാത്യു, ചന്ദ്രൻ ആറങ്ങാടി, എം.കുഞ്ഞമ്പു നമ്പ്യാർ എന്നിവർ സംസാരിച്ചു. ജില്ലാ വിജിലൻസ് സമിതി അംഗങ്ങൾ പങ്കെടുത്തു.