തൃക്കരിപ്പൂർ: ചെറുകാനം പാടിയിൽക്കടവിൽ പയ്യന്നൂർ തൃക്കരിപ്പൂർ ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം നിർമ്മാണം എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ഒരു മാസത്തിനകം ആരംഭിക്കുമെന്ന് അധികൃതർ ഉറപ്പു പറയുന്നു. ഭരണാനുമതി ലഭിച്ചിട്ട് രണ്ടര വർഷം കഴിഞ്ഞ പദ്ധതിയാണിത്.
2021 ഡിസംബറിലാണ് ഈ പാലം നിർമാണത്തിന് 5.60 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നത്. എന്നാൽ ടെൻഡർ അടക്കമുള്ള സാങ്കേതിക അനുമതിക്കായി സമർപ്പിച്ചപ്പോഴായിരുന്നു ഉൾനാടൻ ജലഗതാഗത വകുപ്പ് തടസ്സം പറഞ്ഞത്. കവ്വായി ജലപാതയുടെ ഉപപാതയാണ് ഈ പുഴയെന്നും പാലത്തിന്റെ ഉയരം കൂട്ടണമെന്നുമുള്ള ചട്ടമാണ് പദ്ധതിക്ക് തടസ്സമായത്. തുടർന്ന് 11.6 കോടി രൂപയുടെ പുതുക്കിയ അടങ്കൽ സമർപ്പിക്കുകയും ചെയ്തു. എന്നാൽ അതിനിടയിൽ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് കാലതാമസം നേരിടാനിടയായത്.
പയ്യന്നൂർ നഗരസഭയിലെ കാറമേൽ, അന്നൂർ തുടങ്ങിയ ഭാഗങ്ങളിലെ ജനങ്ങൾക്ക് തൃക്കരിപ്പൂരിലെത്താനും തൃക്കരിപ്പൂർ ഗ്രാമപ്പഞ്ചായത്തിലെ ചെറുകാനം, തങ്കയം, എടാട്ടുമ്മൽ പ്രദേശങ്ങളിലെ ജനങ്ങൾക്ക് പയ്യന്നൂർ ഭാഗത്തേക്ക് പോകാനുമുള്ള എളുപ്പ മാർഗമാണ് പാടിയിൽക്കടവ്. ആഴം കുറഞ്ഞ പുഴയായതിനാൽ കാലങ്ങളോളം ഈ കടവിലൂടെ ഇറങ്ങി നടന്നാണ് ഇരുകരകളിലുമെത്തിയിരുന്നത്. പിന്നീട് പുഴയിൽ നിന്ന് നിയന്ത്രണാതീത മായുള്ള മണലൂറ്റൽ അവിടെയവിടെ കയങ്ങൾ സൃഷ്ടിച്ചത് പ്രതികൂലമായതോടെ ഈ പുഴ കടക്കാനായി സ്വയം നിയന്ത്രിക്കാനാകുന്ന ഫൈബർ ബോട്ട് ഇറക്കി. വർഷങ്ങൾക്ക് ശേഷം ബോട്ട് കേടായി കരയിൽ ഉപേക്ഷിച്ചതോടെയാണ് പാലത്തിനായുള്ള മുറവിളി ശക്തമായത്.