കണ്ണൂർ: ചാലാട് കവർച്ചക്ക് എത്തി വീട്ടുകാരെ ആക്രമിച്ച് രക്ഷപെട്ട മൂന്നംഗ സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. വാരം മതുക്കോത്തെ പി.വി.സൂര്യൻ, വലിയന്നൂരിലെ ആനന്ദൻ എന്നിവരെയാണ് വലിയന്നൂരിൽ വച്ച് കണ്ണൂർ ടൗൺ പൊലീസ് പിടികൂടിയത്. 16 ന് പുലർച്ചെ ചാലാട് അമ്പലത്തിന് സമീപത്തെ കെ.വി. കിഷോറിന്റെ വീട്ടിലാണ് പ്രതികൾ കവർച്ച നടത്തിയത്. കവർച്ചാ സംഘത്തെ പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ കിഷോറിന്റെ ഭാര്യ ലിനി (48), മകൻ അഖിൻ എന്നിവർക്ക് പരിക്കേറ്റിരുന്നു.
തുറന്നിട്ട അടുക്കള വാതിൽ വഴി അകത്തുകയറിയ രണ്ടുപേർ പാചകം ചെയ്യുകയായിരുന്ന ലിനിയെ തള്ളിയിട്ട് കഴുത്തിലണിഞ്ഞ സ്വർണമാല പൊട്ടിക്കാൻ ശ്രമിച്ചു. ലിനിയുടെ നിലവിളികേട്ട് മുറിയിൽ ഉറങ്ങുകയായിരുന്ന മകൻ അഖിൻ ഓടി വരികയായിരുന്നു. നിലത്തുവീണ ലിനി കള്ളന്മാരെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതാണ് അഖിൻ കാണുന്നത്. തടയാൻ ശ്രമിക്കുന്നതിനിടെ അഖിനിനെ മോഷ്ടാക്കൾ ആക്രമിച്ചു. അഖിനിന്റെ ഷോൾഡറിന് പരിക്കേറ്റിരുന്നു. ഈ സമയം ലിനിയുടെ ഭർത്താവ് കിഷോർ ബാത്ത് റൂമിലായിരുന്നു. വീട്ടുകാർ ഉണർന്ന സമയത്താണ് രണ്ടു പേർ വീടിനകത്തേക്ക് ഓടിക്കയറി മാല പൊട്ടിക്കാൻ ശ്രമിച്ചത്.
മോഷണ സംഘത്തിലെ മൂന്നാമൻ ഈ സമയം വീടിനുപുറത്ത് നില്ക്കുകയായിരുന്നു. ഈ ദിവസം തന്നെ കിഷോറിന്റെ വീടിനടുത്തുള്ള രൂപേഷിന്റെ വീട്ടിലും മോഷണ ശ്രമം നടന്നിരുന്നു. പ്രദേശത്തെ ആറോളം സി.സി.ടിവി ദൃശ്യങ്ങളുടെയും മറ്റും സഹായത്തോടെ അതിസാഹസികമായാണ് കണ്ണൂർ ടൗൺ പൊലീസ് പ്രതികളെ പിടികൂടിയത്. ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ടൗൺ സി.ഐ ടോണി ജെ. മറ്റം, എസ്.ഐമാരായ സവ്യ സച്ചി, പി.പി. ഷമിൽ, എം. അജയൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.