car-park

കണ്ണൂർ:നാലു വർഷമായിട്ടും പ്രവർത്തനം ആരംഭിക്കാത്ത കോർപ്പറേഷന്റെ മൾട്ടിലെവൽ കാർ പാർക്കിംഗ് കേന്ദ്രം സമൂഹമാദ്ധ്യമങ്ങളിലെ ട്രോളുകളിൽ നിറയുന്നു. ജവഹർ സ്റ്റേഡിയം സ്വാതന്ത്ര്യസമര സ്തൂപത്തിന് സമീപത്തെ പാർക്കിംഗ് കേന്ദ്രത്തിന്റെ പകുതി നാടോടികൾ കൈയ്യടക്കിയ നിലയിലും ബാക്കി കാടു കയറിയുമാണ്.എസ്.എൻ പാർക്ക് റോഡിലെ പീതാംബര പാർക്കിന് സമീപത്തെ മൾട്ടിലെവൽ കാർ പാർക്കിംഗ് കേന്ദ്രവും ആർക്കും വേണ്ടാതെ കിടക്കുകയാണ്.

ട്രയൽ റൺ നടത്തിയിട്ടും ഇവ പൊതുജനങ്ങൾക്ക് തുറന്ന് നൽകിയിട്ടില്ല.2020 ജനുവരിയിലാണ് നിർമ്മാണം ആരംഭിച്ചത്. ആറ് മാസം കൊണ്ട് പൂർത്തിയാക്കുമെന്നായിരുന്നു വാഗ്ദാനം.എന്നാൽ നാല് വർ‌ഷമായിട്ടും പദ്ധതി ആർക്കും പ്രയോജനപ്പെട്ടിട്ടില്ല.നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനാണ് പ്രവൃത്തിയുടെ കരാർ പൂനെ ആസ്ഥാനമായുള്ള കമ്പനിക്കാണ്.. ടി.ഒ.മോഹനൻ മേയറായിരുന്ന കാലത്താണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്.കേന്ദ്രസർക്കാറിന്റെ അമൃത് പദ്ധതിയിൽ ഉൾപ്പെട്ടതാണ് പദ്ധതി.

നേരത്തെ കരാറുകാരും ഉപകരാറുകാരും തമ്മിലുണ്ടായ തർക്കത്തിൽ പ്രവൃത്തി മുടങ്ങിയിരുന്നു.പിന്നാലെ സാങ്കേതികാനുമതി വൈകിയതും അപ്രതീക്ഷിത മഴയും പ്രവൃത്തി വൈകിപ്പിച്ചു. കൊവിഡിനെ തുടർന്നും ഏറക്കാലം നിർമ്മാണം നിലച്ചു. തുരുമ്പെടുക്കുന്ന സ്ഥിതിയിലെത്തിയതോടെയാണ് പ്രവൃത്തി പുനരാരംഭിച്ചത്.

സെൻസറിംഗ് സംവിധാനം

ഇരു പാർക്കിംഗ് കേന്ദ്രങ്ങളുടെയും പ്രവർത്തനം പൂർണമായും ഓട്ടോമാറ്റിക്ക് ആയിരിക്കും. കൗണ്ടറിൽ നിന്ന് എടുത്ത ടോക്കണിൽ പാർക്കിംഗ് രേഖപ്പെടുത്തിയിട്ടുണ്ടാകും. മുന്നിലെ സെൻസറിൽ സ്വൈപ്പ് ചെയ്യുന്നതിലൂടെ പാർക്ക് ചെയ്യേണ്ട നിലയിലെ റാപ്പ് താഴേക്ക് എത്തും. വാഹനം റാപ്പിൽ കയറ്റിയതിന് ശേഷം ഡ്രൈവർക്ക് പുറത്ത് ഇറങ്ങാം. ശേഷം റാപ്പ് പാർക്ക് ചെയ്യേണ്ട സ്ഥലത്തെത്തും. വാഹനം തിരികെയെടുക്കാൻ എത്തുമ്പോൾ വീണ്ടും ബൂത്തിൽ കാർഡ് സ്വൈപ്പ് ചെയ്യണം. വാഹനം താഴെ എത്തുമ്പോൾ അലാറം മുഴങ്ങും.

മൾട്ടി ലെവൽ കാർ പാർക്കിംഗ്

11.25 കോടി ചിലവ്

ജവഹർ സ്റ്റേഡിയം പരിസരം

5 നിലകൾ

32 കാർ പാർക്ക് ചെയ്യാം

പീതാംബര പാർക്ക്

7 നിലകൾ

108 കാർ പാർക്ക് ചെയ്യാം

എസ്റ്റിമേറ്റുമായി ബന്ധപ്പെട്ടുകൊണ്ടാണ് പദ്ധതി നീളുന്നത്.ഇലക്ട്രിക്കൽ എൻജിനീയറിംഗ് വിഭാഗത്തിന്റെ അനുമതിക്കു വേണ്ടി സർക്കാരിലേക്ക് അയച്ചിട്ടുണ്ട്.നേരത്തെ തിരഞ്ഞെടുപ്പും മറ്റുമായാണ് കാലതാമസമെടുത്തത്.രണ്ട് മാസത്തെ ഇലക്ട്രിക്കൽ വർക്ക് മാത്രമാണ് ഇനി ബാക്കിയുള്ളത്.സർക്കാരിൽ നിന്നും അനുമതി ലഭിച്ചാൽ ഉടൻ പ്രവൃത്തി പൂർത്തീകരിച്ച് പൊതുജനങ്ങൾക്ക് തുറന്ന് നൽകും.

മുസ്ലീഹ് മഠത്തിൽ,മേയർ