തളിപ്പറമ്പ്: തളിപ്പറമ്പ് മാർക്കറ്റ് നവീകരിക്കാനുള്ള ടെൻഡർ നടപടി മത്സ്യ- ഇറച്ചി വിൽപ്പനക്കാർ തടഞ്ഞു. ജുമാഅത്ത് പള്ളി ട്രസ്റ്റ് ഭാരവാഹികളെ ഓഫീസിൽ പൂട്ടിയിട്ടു. തങ്ങളുടെ അഭിപ്രായങ്ങൾ കണക്കിലെടുക്കാതെയാണ് പ്ലാൻ തയ്യാറാക്കിയതെന്ന് ആരോപിച്ചാണ് 30ഓളം പ്രവർത്തകർ ജുമാഅത്ത് പള്ളി ട്രസ്റ്റ് ഓഫീസിൽ എത്തിയത്. നിലവിലുള്ള മാർക്കറ്റ് 90 ലക്ഷം രൂപ മുടക്കി നവീകരിക്കാൻ ടെൻഡർ വിളിച്ചിരുന്നു.
ഇന്നലെയാണ് ടെൻഡർ തുറക്കുന്നത്. ഈ നടപടിയാണ് പ്രവർത്തകർ തടഞ്ഞത്. എക്‌സിക്യൂട്ടീവ് ഓഫീസറെയും പള്ളി കമ്മിറ്റി ഭാരവാഹികളെയും ആണ് പ്രതിഷേധക്കാർ ഓഫീസിൽ പൂട്ടിയിട്ടത്. പൊലീസ് എത്തിയാണ് ഇവരെ തുറന്ന് വിട്ടത്. വിവിധ യൂണിയൻ നേതാക്കളായ കെ.വി.മുസ്‌തഫ, ഷെരീഫ്, ഉനൈസ് സാലി, മണ്ണൻ സുബൈർ എന്നിവരുടെ നേതൃത്വത്തിൽ ആണ് പ്രതിഷേധിച്ചത്. സി.പി.വി അബ്‌ദുള്ള, കൊടിയിൽ സലീം, മുഹമ്മദ് കുഞ്ഞി, എക്‌സിക്യൂട്ടീവ് ഓഫീസർ എന്നിവരും സമരക്കാരുമായി സി.ഐ.ബെന്നി ലാലിന്റെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിൽ ചർച്ച നടത്തി. നിലവിലുള്ള ക്വട്ടേഷൻ റദ്ദാക്കാനും പ്രതിഷേധിച്ചവരുമായി ചേർന്ന് ചർച്ച നടത്തി പുതിയ ടെൻഡർ വിളിക്കാനും തീരുമാനിച്ചു.