എടക്കാട്: 'ബസ് കയറാൻ നിൽക്കുന്നയാളോട് നടുറോഡിലേക്ക് ഇറങ്ങിനിൽക്കാൻ പറയുക". ഇത് സാമൂഹ്യമാദ്ധ്യമങ്ങളിൽ നിറയുന്ന ഒരു റീൽസിലെ തമാശയാണ്. എന്നാൽ ഈ സ്ഥിതിയാണ് ഇപ്പോൾ എടക്കാട്. ടൗണിൽ തലശ്ശേരി ഭാഗത്തേക്ക് പോകേണ്ട യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത് റോഡിന് നടുവിൽ. താൽക്കാലികമായി വാഹനങ്ങൾ കടത്തിവിട്ട പുതിയ ദേശീയപാതയിലാണ് റോഡിന് നടുക്ക് ബസ് കാത്തുനിൽക്കേണ്ട അവസ്ഥയുള്ളത്.
എടക്കാട് ടൗൺ റോഡ് അടച്ചതോടെയാണ് തലശ്ശേരി ഭാഗത്തേക്ക് പോകേണ്ട ബസുകൾ പുതിയ ദേശീയപാതയിലൂടെ കടത്തിവിട്ടത്. എടക്കാട് ടൗണിൽ നിന്ന് തലശ്ശേരി ഭാഗത്തേക്കുള്ള ബസ് ലഭിക്കാൻ മുഴപ്പിലങ്ങാട് ഭാഗത്തേക്ക് 400 മീറ്ററോളം നടന്ന് പുതിയ ദേശീയപാതയിലേക്ക് കയറണം. യാത്രകഠിനമായപ്പോൾ നാട്ടുകാരും യാത്രക്കാരും ദേശീയപാത നിർമ്മിക്കുന്ന കരാർ ഏജൻസി അധികൃതരോട് പരാതിപ്പെട്ടു. തുടർന്ന് എടക്കാട് ടൗൺ റോഡ് തുറന്നുകൊടുത്തെങ്കിലും ബസുകൾ ദേശീയപാതയിലൂടെ തന്നെ പോകുകയാണ്.
കണ്ണൂർ ഭാഗത്തേക്കുള്ള സർവീസ് റോഡിലൂടെ വാഹനങ്ങളെ കടത്തിവിട്ടെങ്കിലും ചില സമയത്ത് കെ.എസ്.ആർ.ടി.സി അടക്കമുള്ള ബസുകൾ ദേശീയപാതയിലൂടെ കടന്നുപോകുന്നതിനാൽ എടക്കാട് ടൗണിലുള്ളവർക്ക് നടാൽ റെയിൽവേ ഗേറ്റിന് സമീപത്തെത്തി കണ്ണൂർ ഭാഗത്തേക്കുള്ള ബസിൽ കയറേണ്ട അവസ്ഥയുമുണ്ട്.
കാത്തിരിപ്പ് കേന്ദ്രങ്ങൾ യാത്രക്കാരെ കാത്തിരിപ്പാണ്
ടൗൺ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി എടക്കാട് ടൗൺ റോഡിലെ കണ്ണൂർ, തലശ്ശേരി ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ബസ് ബേ അടക്കം നിർമ്മിച്ച് നവീകരിച്ചിട്ടുണ്ടെങ്കിലും ബസുകൾ ഇതുവഴി ഓടാത്തതിനാൽ ഉപകാരപ്പെടുന്നില്ല. തലശ്ശേരി ഭാഗത്തേക്കുള്ള സർവീസ് റോഡിലൂടെ വാഹനങ്ങൾ കടത്തിവിട്ട് തുടങ്ങിയാലും വീതി കുറഞ്ഞ റോഡിൽ ബസ് കാത്തിരിപ്പ് കേന്ദ്രം ബസ് ബേ എന്നിവ ഇല്ലാത്തതിനാൽ യാത്രാക്‌ളേശം ഉണ്ടാകുമെന്നും പറയുന്നു. തലശ്ശേരി ഭാഗത്തേക്കു പോകുന്ന ബസുകൾ പഴയ എടക്കാട് റോഡിലൂടെ തന്നെ സർവീസ് നടത്തണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.
ദേശീയപാതയ്ക്ക് ഇരുവശവും താമസിക്കുന്നവരും എടക്കാട് ബസാർ, കടമ്പൂർ, എടക്കാട് ബീച്ച്, എന്നിവിടങ്ങളിലുമുള്ള യാത്രക്കാർ ഒന്നര കിലോമീറ്ററിലധികം സഞ്ചരിച്ച് വേണം ബസ് സ്റ്റോപ്പിലെത്താൻ
പ്രായമായവരും സ്ത്രീകളുമാണ് ഏറെ കഷ്ടപ്പെടുന്നത്. റോഡരികിൽ മഴനനഞ്ഞുവേണം കാത്തുനിൽക്കാൻ. ഷെൽട്ടർ ഇല്ലെന്ന് മാത്രമല്ല. അപകടകരമായ രീതിയിൽ ഓടുന്ന ദീർഘദൂര ബസുകൾ ഭീതിയുയർത്തുന്നുമുണ്ട്
കണ്ണൂരിലേക്കുള്ള ചില ഓർഡിനറി ബസുകൾ പടിഞ്ഞാറ് വശത്തെ സർവീസ് റോഡിൽ കയറാതെ പോകുന്നത് എടക്കാട് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുന്നവരെയും ദുരിതത്തിലാക്കുന്നു