സേനയിൽ അസ്വസ്ഥത പുകയുന്നു

കണ്ണൂർ: തിരഞ്ഞെടുപ്പിന് മുന്നോടിയായി മറ്റ് ജില്ലകളിലേക്ക് സ്ഥലം മാറ്റിയ സബ് ഇൻസ്‌പെക്ടർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർ മാതൃ സ്‌റ്റേഷനുകളിലേക്ക് തിരിച്ചെത്തിയില്ല. നടപടി വൈകുന്നതിൽ പൊലീസ് സേനയിൽ അസ്വസ്ഥത രൂക്ഷം. കഴിഞ്ഞ ജനുവരിയിൽ സ്ഥലം മാറ്റിയ ഉദ്യോഗസ്ഥരെയാണ് ഇലക്ഷൻ ഫലപ്രഖ്യാപനം വന്ന് പെരുമാറ്റച്ചട്ടം കഴിഞ്ഞ് ആഴ്ചകൾ പിന്നിടുമ്പോഴും പഴയ പൊലീസ് സ്റ്റേഷനുക ളിലേക്ക് തിരിച്ചയയ്ക്കാത്തത്. പൊലീസ് ഓഫീസർമാരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഈ വിഷയം ഉന്നയിച്ച് ചർച്ച സജീവമാണ്.

ജില്ലക്ക് പുറത്തു നിന്നുള്ളവരാണ് ജില്ലയിലെ പല പൊലീസ് സ്റ്റേഷനുകളിലും ജോലി ചെയ്യുന്നത്. നിയമനം കിട്ടുന്ന ജില്ലകളിൽ വീട് വാടകയ്ക്ക് എടുത്തോ അല്ലെങ്കിൽ പൊലീസ് ക്വാർട്ടേഴ്സുകളിലോ ആണ് പലരും താമസിക്കുന്നത്. പഠന സൗകര്യാർത്ഥം കുട്ടികളെ അവരുടെ മാതൃ സ്‌റ്റേഷനുകളിലെ പ്രദേശത്തെ സ്‌കൂളുകളിലും മറ്റും ചേർത്തവരാണ് മിക്ക പൊലീസ് ഓഫീസർമാരും. സ്ഥലം മാറിയെത്തുന്ന സ്ഥലത്ത് തനിച്ചുള്ള താമസത്തിനായി വാടകവീട് എടുക്കേണ്ടിയും വരുന്നു. വീട്ടു വാടകയും ഭക്ഷണച്ചെലവും മറ്റ് കാര്യങ്ങൾക്കുമായി ഉള്ള ശമ്പളത്തിൽ നിന്ന് വലിയ തുക ചെലവാകുന്നതായാണ് പരാതി.

മാനസിക സമ്മർദ്ദവും
തിരഞ്ഞെടുപ്പ് കാലത്ത് ജനുവരിയിൽ സ്ഥലം മാറ്റമുണ്ടായി മേയിൽ ഇലക്ഷൻ നടന്ന് ജൂണിൽ തിരിച്ചു പോകാമെന്ന ധാരണയിലാണ് പുതിയ സ്ഥലത്തേക്ക് പലരും എത്തിയത്. എന്നാൽ തിരിച്ചു പോകൽ നീളുമ്പോഴുണ്ടാകുന്ന മാനസിക സംഘർഷം തൊഴിലിൽ അസംതൃപ്തിക്ക് കാരണമാക്കുന്നുണ്ട്. ഇത് പൊലീസ് സ്റ്റേഷനുകളുടെ ദൈനംദിന പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.