sheduled

കണ്ണൂർ: പഠനം പാതി വഴിയിൽ ഉപേക്ഷിച്ച് പട്ടികജാതി-പട്ടികവർഗ വിദ്യാർത്ഥികളുടെ കൊഴിഞ്ഞ് പോക്ക്.ഉന്നമനത്തിനായി വിവിധ പദ്ധതികൾ നടപ്പിലാക്കുമ്പോഴും പഠനം ഉപേക്ഷിക്കുന്ന പട്ടികവിഭാഗത്തിൽ പെടുന്ന കുട്ടികളുടെ എണ്ണം കഴിഞ്ഞ രണ്ട് വർഷങ്ങളേക്കാൾ ഉയർന്നിട്ടുണ്ട്.

2023-24 വർഷത്തിൽ 37 വിദ്യാർത്ഥികളാണ് ജില്ലയിൽ പഠനം മതിയാക്കിയത്.2022-23 അദ്ധ്യായന വർഷം 30 വിദ്യാർത്ഥികൾ പഠനം ഉപേക്ഷിച്ചെങ്കിൽ അതിന് മുമ്പുള്ള വർഷം ഒറ്റ വിദ്യാർത്ഥി മാത്രമാണ് ഈ പട്ടികയിൽ പെട്ടിരുന്നത്.സംസ്ഥാനതലത്തിൽ വയനാട്, ഇടുക്കി, കണ്ണൂർ ജില്ലകളിലാണ് ഏറ്റവും കൂടുതൽ പഠനം അവസാനിപ്പിച്ചവരുള്ളത്.

2017-18 അദ്ധ്യയന വർഷം സംസ്ഥാനത്ത് ആയിരത്തിലധികം വിദ്യാർത്ഥികൾ പഠനം മതിയാക്കിയിരുന്നു. എന്നാൽ പിന്നീടുള്ള വർഷങ്ങളിൽ നേരിയ കുറവുണ്ടാകാൻ തുടങ്ങി. കൊഴിഞ്ഞുപോക്ക് അവസാനിപ്പിക്കുന്നതിനായി ബോധവൽക്കരണ ക്ലാസുകൾ ഉൾപ്പെടെ സംഘടിപ്പിച്ചിരുന്നു.വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഒരു പരിധിവരെ വിദ്യാർത്ഥികളെയും രക്ഷിതാക്കളുടെയും മനസിലാക്കാൻ അന്ന് സാധിച്ചിരുന്നു. പട്ടികവിഭാഗങ്ങളിൽ നിന്ന് കൂടുതൽ പേർക്ക് സർക്കാർ തലത്തിലും അല്ലാതെയും ഉയർന്ന ജോലികൾ ഉൾപ്പെടെ ലഭിച്ചത് വിദ്യാർത്ഥികൾക്ക് പ്രചോദനമായിരുന്നു.

എല്ലാവരിലേക്കുമെത്താതെ പദ്ധതികൾ

പട്ടികവർഗ വകുപ്പിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ഭാഷ സംബന്ധമായ പ്രശ്നങ്ങൾ കാരണമുള്ള കൊഴിഞ്ഞുപോക്ക് തടയാൻ ഗോത്ര ബന്ധു പദ്ധതി, യാത്ര പ്രശ്നങ്ങൾ പരിഹരിക്കാൻ വിദ്യാവാഹിനി, രക്ഷിതാക്കൾക്ക് പ്രോത്സാഹന ധനസഹായം, 9,10 ക്ലാസുകളിലെ കുട്ടികൾക്കായി പ്രത്യേക കേന്ദ്ര സഹായ സ്‌കോളർഷിപ്പുകൾ, പഠനത്തിൽ സമർത്ഥരായവർക്ക് അയ്യങ്കാളി ടാലന്റ് സെർച്ച് സ്‌കോളർഷിപ്പ് പദ്ധതി തുടങ്ങി നിരവധി പദ്ധതികളുണ്ട്. എന്നാൽ ഇവയിൽ പലതും വിദ്യാർത്ഥികളിലേക്ക് എത്തുന്നില്ല. പലർക്കും ഇപ്പോഴും ഈ പദ്ധതികളെ കുറിച്ചും ലഭിക്കേണ്ട ആനുകൂല്യങ്ങളെ കുറിച്ചും ധാരണയില്ല. കഴിഞ്ഞ തവണ കുടിശികയായതിനാൽ വിദ്യാവാഹിനി പദ്ധതി പലയിടത്തും നിലച്ചിരുന്നു.

അദ്ധ്യയന വർഷം പഠനം ഉപേക്ഷിച്ചവരുടെ എണ്ണം

2023-24 - 37

2022-23-30

2021-22-01

സംസ്ഥാനതലത്തിൽ ഈ വർഷം

പഠനം ഉപേക്ഷിച്ചത് 468 പേർ

വയനാട് -274

ഇടുക്കി -44

പാലക്കാട് -32