manu-thomas


കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം മനു തോമസിനെ പാർട്ടി അംഗത്വത്തിൽ നിന്നു അന്വേഷണ വിധേയമായി പുറത്താക്കി.

സ്വർണക്കടത്ത്, സ്വർണം പൊട്ടിക്കൽ ക്വട്ടേഷൻ സംഘത്തിൽ നിന്നു ഡി.വൈ.എഫ് ഐ നേതാക്കൾ ലാഭവിഹിതമായി പണം കൈപ്പറ്റുന്നതായി മനു തോമസ് പാർട്ടിക്ക് മുൻപ് പരാതി നൽകിയിരുന്നു.

തൊട്ടുപിന്നാലെ, അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മനു തോമസിനെതിരെ പാർട്ടിക്കുള്ളിൽ പരാതിയും ഉയർന്നിരുന്നു.ആ പശ്ചാത്തലത്തിൽ 2023 മുതൽ മെമ്പർഷിപ്പ് പുതുക്കിയിരുന്നില്ല. ഒരു വർഷമായി പാർട്ടി പരിപാടികളിൽ നിന്നു വിട്ട് നിൽക്കുകയായിരുന്നു.മെമ്പർഷിപ്പ് പുതുക്കാത്തതുകൊണ്ടാണ് നടപടിയെന്ന് ഔദ്യോഗിക വിശദീകരണം.

കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് പുറത്താക്കൽ തീരുമാനമുണ്ടായത്. ഡി.വൈ.എഫ്‌.ഐ മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റും തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.

ആകാശ് തില്ലങ്കേരിയുടെ സ്വർണക്കടത്ത് ക്വട്ടേഷൻ സംഘത്തിനെതിരെ ഡി.വൈ.എഫ്.ഐയിൽ ശക്തമായ നിലപാട് മനു തോമസ് സ്വീകരിച്ചിരുന്നു. ക്വട്ടേഷൻ സംഘം ഭീഷണിപ്പെടുത്തിയതിനെതിരെ പൊലീസിൽ പരാതിയും നൽകി. ഇതേതുടർന്ന് ആകാശും കൂട്ടാളികളും മനുവിനെതിരെ കടുത്ത സൈബർ ആക്രമണം നടത്തിയിരുന്നു. മനുവിന്റെ പരാതി സി.പി.എം ജില്ലാ നേതൃത്വം പരിഗണിക്കാതെ മാറ്റിവച്ചപ്പോൾ, സംസ്ഥാന കമ്മറ്റി അംഗീകരിച്ച തെറ്റുതിരുത്തൽ രേഖ സംബന്ധിച്ച് ജില്ലാ കമ്മറ്റിയിൽ ചർച്ച നടന്നപ്പോൾ, മനു ഈ വിഷയം വീണ്ടും ഉന്നയിച്ചിരുന്നു. പിന്നാലെയാണ് അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ മനുവിനെതിരെ ആക്ഷേപമുയർന്നത്. നടപടി ഉറപ്പായ സാഹചര്യത്തിലാണ് പാർട്ടിയോട് നിസ്സഹകരണം തുടങ്ങിയത്.