
കാസർകോട്:ചെർക്കള-ജാൽസൂർ അന്തർസംസ്ഥാനപാതയിൽ രാപൽ ഭേദമില്ലാതെ വന്യമൃഗങ്ങൾ ഇറങ്ങുന്നത് ജനത്തെ ഭീതിയിലാഴ്ത്തുന്നു. കാട്ടാനകളും പുലികളും കാട്ടുപോത്തുമടക്കം ജീവന് ഭീഷണി സൃഷ്ടിക്കുന്ന വലിയ മൃഗങ്ങളാണ് നിർബാധം ഇവിടെ വിഹരിക്കുന്നത്.
ഞായറാഴ്ച രാത്രി കാനത്തൂർ സ്‌കൂൾ പരിസരത്ത് കുണ്ടൂച്ചി റോഡിൽ കാട്ടാനകൾ പരാക്രമം നടത്തി. റോഡരികിലെ ഈന്ത് പിഴുതെടുത്ത് റോഡിലിട്ട ആനകൾ വാഹനഗതാഗതം തടസ്സപ്പെടുത്തി. സ്‌കൂൾ പരിസരത്ത് ആനകളെ കാണുന്നത് കുട്ടികളെയും അദ്ധ്യാപകരെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തുകയാണ്. രാത്രി എ
എട്ടരയോടെ കാനത്തൂർ നെയ്യംകയത്ത് രണ്ട് പുലികൾ റോഡ് മുറിച്ചുകടന്നുപോകുന്നത് കണ്ടെന്ന കാർ യാത്രികന്റെ വെളിപ്പെടുത്തലും മേഖലയെ ഭയത്തിലാഴ്ത്തി.ചെറുതും വലുതുമായ പുലികളെ കണ്ട് റോഡ് മുറിച്ചു കടക്കുന്നത് കണ്ട് പേടിച്ച് താൻ അതിവേഗത്തിൽ കാറോടിച്ച് പോകുകയായിരുന്നുവെന്നാണ് ഈയാൾ പറഞ്ഞത്. ചെർക്കള-ജാൽസൂർ സംസ്ഥാന പാതയിലെ മഞ്ചക്കല്ലിൽ യാത്രക്കാർക്ക് വന്യമൃഗ ശല്യം സംബന്ധിച്ച ജാഗ്രതാ നിർദ്ദേശവുമായി വനംവകുപ്പ് സ്ഥാപിച്ച ബോർഡിന് സമീപത്തു കൂടി കാട്ടുപോത്തുകൾ റോഡ് മുറിച്ചുകടക്കുന്നത് ശ്രദ്ധയിൽപെട്ടത് കഴിഞ്ഞദിവസമാണ്.
വിറങ്ങലിച്ച് കാസർകോടൻ മലയോരം
കാസർകോട് നഗരത്തിന്റെ കിഴക്കൻ മലയോര പ്രദേശങ്ങളിൽ ഭയം സൃഷ്ടിക്കുക മാത്രമല്ല,കനത്ത നഷ്ടവും വരുത്തിവെക്കുകയാണ്. വ്യാപക കൃഷിനാശത്തിന് പുറമെ വളർത്തുമൃഗങ്ങളെ പിടികൂടുന്നതും ഇവിടെ പതിവായിട്ടുണ്ട്. ആശങ്കയകറ്റാൻ വനപാലകർ ഇടപെടുന്നുണ്ടെങ്കിലും സമാധാനം ഉറപ്പാക്കാൻ ഇതൊന്നും മതിയാകുന്നില്ല.