പരിയാരം: 30 വർഷത്തിന് ശേഷം പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ യൂണിയനിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമ്പോൾ മൂന്ന് സീറ്റുകളിലേക്ക് എസ്.എഫ്.ഐ സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. സ്‌പോർട്സ് ആൻഡ് ഗെയിംസ് സെക്രട്ടറിയായി എം.ആർ.ആദിത്യകൃഷ്ണനും 2020 ബാച്ച് റപ്രസന്റേറ്റീവായി അതുൽ പി.അരുൺ, പി.ജി ബാച്ച് പ്രതിനിധിയായി ജി.അഖിലുമാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ചെയർമാൻ ഉൾപ്പെടെ 12 സീറ്റുകളിലേക്കാണ് 29 ന് തിരഞ്ഞെടുപ്പ് നടക്കുക. 1993 ൽ പരിയാരത്ത് മെഡിക്കൽ കോളേജ് ആരംഭിച്ചതുമുതൽ എസ്.എഫ്.ഐ പ്രവർത്തകരാണ് മെഡിക്കൽ കോളേജ് യൂണിയനിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. ജൂൺ 18 നാണ് കെ.എസ്.യു -എം.എസ്.എഫ് പ്രവർത്തകർ ചേർന്ന് മെഡിക്കൽ കോളേജിൽ യു.ഡി.എസ്.എഫ് യൂണിറ്റ് രൂപീകരിച്ചത്. എസ്.എഫ്.ഐ പ്രവർത്തകരും പുറത്തുന്നിന്നുള്ള സി.പി.എം പ്രവർത്തകരും ഭീഷണിയുമായി കാമ്പസിൽ എത്തിയിരുന്നു. സംഘർഷത്തെതുടർന്ന് പരിയാരം പൊലീസ് കർശനനിലപാട് സ്വീകരിച്ചതോടെയാണ് യു.ഡി.എസ്.എഫ് പ്രവർത്തകർക്ക് നോമിനേഷൻ സമർപ്പിക്കാൻ സാധിച്ചു. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ക്യാമ്പസ് പൊലീസിന്റെ നിരീക്ഷണത്തിലാണ്. നവകേരള യാത്രയിൽ പഴയങ്ങാടിയിൽ അക്രമം നടത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഉൾപ്പെടെ പുറത്തുനിന്നുള്ള പ്രവർത്തകർ യു.ഡി.എസ്.എഫ് പ്രവർത്തകരെയും സ്ഥാനാർത്ഥികളേയും ഭീഷണിപ്പെടുത്തുന്നതായി പരാതിയുണ്ട്.