
കണ്ണൂർ: സ്വർണ്ണകള്ളക്കടത്ത് സംഘത്തിനെതിരെ പാർട്ടിയിൽ സ്വീകരിച്ച നിലപാടിൽ ലക്ഷ്യസ്ഥാനത്തു എത്താൻ കഴിയാത്തതിൽ മനം മടുത്ത് ജില്ലാ കമ്മറ്റി അംഗം മനുതോമസ് പാർട്ടി വിട്ടത് വിശദീകരിക്കാൻ പാടുപെട്ട് സി.പി.എം.. സ്വർണക്കള്ളക്കടത്ത് സംഘത്തിൽ നിന്ന് ലാഭവിഹിതമായി സ്വർണ്ണം കൈപ്പറ്റി, ആകാശ് തില്ലങ്കേരിക്ക് രഹസ്യങ്ങൾ ചോർത്തി നൽകി എന്നീ ഗുരുതര പരാതികളാണ് ജില്ലയിലെ പ്രമുഖ ഡി.വൈ.എഫ്.ഐ നേതാവിനെതിരെ മനു തോമസ് പാർട്ടി ജില്ലാ നേതൃത്വത്തിന് നൽകിയത്.പക്ഷെ പാർട്ടി തിരുത്തിയില്ലെന്ന് മാത്രമല്ല ഒറ്റപ്പെടുത്താൻ ശ്രമിച്ചുവെന്നതുമാണ് മനുവിന്റെ പിന്മാറ്റത്തിന് പിന്നിൽ.
യുവ നേതാവും ക്വട്ടേഷൻ സംഘത്തലവനും സംസാരിക്കുന്ന ശബ്ദരേഖ സഹിതം ആയിരുന്നു മനു പരാതി നൽകിയത്. എന്നാൽ ജില്ല നേതൃത്വം അത് ഗൗരവമായി എടുത്തില്ല. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച തെറ്റു തിരുത്തൽ രേഖയിൽ സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുത്ത ജില്ലാകമ്മിറ്റിയോഗത്തിൽ മനു ഈ വിഷയം വീണ്ടും ഉന്നയിച്ചു.ഇതോടെയാണ് പരാതി അന്വേഷിക്കാൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ എം സുരേന്ദ്രനെ നിയോഗിച്ചത്. സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘത്തിനെതിരെ നിലയുറപ്പിച്ചതോടെ മനുവിനെതിരെ സൈബർ ആക്രമണവും ഉണ്ടായി. യുവനേതാവുമായി ബന്ധമുള്ള പാർട്ടി ഓഫീസ് ഭാരവാഹിയിൽ നിന്നും മനുവിൽ നിന്നും വിശദമായ മൊഴിയെടുത്തുവെങ്കിലും തുടർനടപടികൾ ഉണ്ടായില്ല.
അന്വേഷണം തൃപ്തികരമല്ലെന്നും ആരോപണ വിധേയനെ മുതിർന്ന ചില നേതാക്കൾ സംരക്ഷിക്കുന്നു എന്നുമായിരുന്നു മനുവിന്റെ പരാതി. പാർട്ടിയിൽ ഒറ്റപ്പെടുത്താനുള്ള ശ്രമം ഒരു വിഭാഗത്തിൽ നിന്നുണ്ടായതോടെയാണ് മനു പാർട്ടിയിൽ നിന്നകന്നത്.
പടിപടിയായി ഉയർച്ച
മനസ് മടുത്ത് ഇറക്കം
മനുവിന്റെ പടിയിറക്കം കണ്ണൂരിൽ സിപിഎമ്മിനെ പിടിച്ചുകുലുക്കും എന്നുറപ്പാണ്. തികഞ്ഞ ജനകീയനായിരുന്ന മനു തോമസ് കണ്ണൂർ എസ്.എൻ കോളേജിൽ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റായാണ് പൊതുരംഗത്തേക്ക് എത്തിയത്. കോളേജ് യൂണിയൻ ചെയർമാൻ, സർവകലാശാല യൂണിയൻ ചെയർമാൻ, എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് എന്നീ നിലകളിലേക്ക് ഉയർന്നു.ഇതിനിടെ സി.പി.എം ആലക്കോട് ഏരിയ കമ്മിറ്റി അംഗവുമായി. 2010 ലാണ് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവിയിൽ എത്തി.കഴിഞ്ഞ ജില്ല സമ്മേളനത്തിലാണ് ജില്ല കമ്മിറ്റിയിലേക്ക് എത്തുന്നത്.
ഇനി കൃഷിയും വായനയും എഴുത്തും
കണ്ണൂർ : മനു തോമസ് ഇനി കൃഷിയും വായനയും കഥയെഴുത്തുമായി ജീവിക്കും തളിപ്പറമ്പ് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റായിരിക്കെ എല്ലാവരുമായി സൗഹൃദം പുലർത്തുന്ന ജനപ്രതിനിധിയായിരുന്നു മനു തോമസ്. അതുകൊണ്ടു തന്നെ ഏറെ ജനപ്രിയതയും ഈ യുവ നേതാവിനുണ്ടായിരുന്നു.പാർട്ടി വിടേണ്ടി വന്നതിൽ തനിക്ക് നിരാശയുണ്ടെന്നും എന്നാൽ മന:സാക്ഷിയെ വഞ്ചിച്ചു മുൻപോട്ടു പോകാനാവില്ലെന്നുമാണ് മനുവിന്റെ പ്രതികരണം. സാഹിത്യ രചനയിലേക്ക് തിരിഞ്ഞ മനുവിന്റെ കഥകൾ അടുത്തിടെ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.