മട്ടന്നൂർ: കോളാരി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ തേങ്ങ കൊണ്ടുള്ള പ്രകൃതിദത്ത ഉത്പന്നങ്ങൾ ജനങ്ങളിലെത്തിക്കുന്നതിന് നാളികേര സംസ്‌കരണ ഫാക്ടറി തുടങ്ങുന്നു. നബാർഡിന്റെ ഐ.എ.എഫ് ഫണ്ടും ബാങ്കിന്റെ തനത് ഫണ്ടും ചേർത്ത് 2.50 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. സെപ്തംബറോടെ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യുമെന്ന് ഭരണസമിതിയംഗങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നഗരസഭകളിലെയും സമീപ പഞ്ചായത്തുകളിലെയും നാളികേര കർഷകർക്ക് കൂടുതൽ വില ലഭ്യമാക്കാനും തേങ്ങ കൃഷി വ്യാപിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഫാക്ടറി തുറക്കുന്നത്. കർഷകരിൽ നിന്ന് നേരിട്ടും വിവിധ സഹകരണ സംഘങ്ങളെ പങ്കാളികളാക്കിയുമാണ് തേങ്ങ സംഭരിക്കുക. വാർഡ് അടിസ്ഥാനത്തിൽ നാളികേര കർഷകരുടെ യൂണിറ്റുകളും രൂപവൽക്കരിക്കും. മൂല്യവർദ്ധിത ഉത്പന്നങ്ങളായ വെളിച്ചെണ്ണ, വെർജിൻ ഓയിൽ, പിണ്ണാക്ക്, തേങ്ങവെള്ളം ഉപയോഗിച്ച് പാനീയങ്ങൾ എന്നിവയും ഉത്പാദിപ്പിക്കും. ഫാക്ടറിയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് ആകർഷകമായ പേര് നിർദ്ദേശിക്കുന്നതിന് എൻട്രികൾ ക്ഷണിച്ചു. ജൂലായ് 15നകം ബാങ്കിന്റെ പ്രധാനശാഖയിൽ നൽകണം. വാർത്താസമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് കെ.ഭാസ്‌ക്കരൻ, വൈസ് പ്രസിഡന്റ് ജി.ശ്രീജിത്ത്, സെക്രട്ടറി കെ.നാരായണൻ, വി.വി.മനോഹരൻ, പി.സിന്ധു തുടങ്ങിയവർ പങ്കെടുത്തു.