kattana
കൃഷി നശിപ്പിച്ച പ്രദേശം ജനപ്രതിനിധികൾ സന്ദർശിക്കുന്നു

ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്ത് ഈന്തുങ്കരി മേഖലയിൽ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. കുടിയേറ്റ കർഷകൻ ഫ്രാൻസിസ് മുളങ്കാശേരിലിന്റെ ഒരേക്കർ വരുന്ന കൃഷിയിടത്തിലെ വിളകളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. ചൊവ്വാഴ്ച പുലർച്ചയോടെയാണ് കുട്ടിയാനകൾ അടക്കമുള്ള കാട്ടാനക്കൂട്ടം കൃഷിയിടത്തിൽ ഇറങ്ങിയത്. വാഴ, കപ്പ, തെങ്ങ്, ചേന, കുരുമുളക്, കവുങ്ങ് തുടങ്ങി എല്ലാ കൃഷികളും കാട്ടാനക്കൂട്ടം ചവിട്ടി നശിപ്പിച്ചു.

റബ്ബറിന്റെ തോലുകൾ കുത്തിപ്പൊളിച്ചു നശിപ്പിക്കുകയും കയ്യാലകൾ ചവിട്ടി പൊളിച്ചും ആനകൾ വ്യാപകമായ നാശനഷ്ടമാണ് കൃഷിയിടത്തിൽ വരുത്തിയിരിക്കുന്നത്. ആറളം ഫാമിൽ നിന്നും തുരത്തുന്ന കാട്ടാന കൂട്ടമാണ് ഇവിടെ കൃഷി നശിപ്പിക്കുന്നതെന്നാണ് കർഷകർ പറയുന്നത്. കൃഷി ചെയ്ത് ഉപജീവനം നയിക്കുന്ന സാധാരണക്കാരായ കർഷകർ തിങ്ങിപ്പാർക്കുന്ന ജനവാസ മേഖലയിൽ ആണ് കാട്ടാനക്കൂട്ടത്തിന്റെ താണ്ഡവം. വന്യമൃഗങ്ങളോട് കാണിക്കുന്ന പരിഗണന പോലും കർഷകനോട് സർക്കാറുകൾ നൽകുന്നില്ലെന്നും കർഷകർ കുറ്റപ്പെടുത്തി.

അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഐസക് ജോസഫ്, സീമ സനോജ്, പഞ്ചായത്ത് അംഗങ്ങളായ സെലീന ബനോയി, സജി മച്ചിത്താന്നി എന്നിവർ സ്ഥലം സന്ദർശിച്ചു. വനം വകുപ്പ് അധികൃതരും സഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി.

മടങ്ങിയ കാട്ടാനകൾ തിരിച്ചെത്തി

നാല് വർഷത്തിനുശേഷമാണ് ഇവിടെ വീണ്ടും കാട്ടാനയുടെ സാന്നിദ്ധ്യം അനുഭവപ്പെടുന്നത്

വനാതിർത്തിയിൽ അടിയന്തരമായി സോളാർ വേലികൾ സ്ഥാപിക്കണമെന്നാണ് കർഷകരുടെ ആവശ്യം

ഈന്തുംകരിയിലെ ആദിവാസി കോളനിക്ക് 300 മീറ്റർ ദൂരത്തിലാണ് കാട്ടാനക്കൂട്ടത്തിന്റെ പരാക്രമം

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാർ കർഷകരോട് കടുത്ത അവഗണനയാണ് കാണിക്കുന്നത്.

കർഷകർ

നഷ്ടപരിഹാര നടപടികൾ വേഗത്തിലാക്കും
കൃഷി നാശത്തിനുള്ള നഷ്ടപരിഹാരം പരമാവധി വേഗത്തിൽ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നു കൃഷി വകുപ്പ് മന്ത്രി നിയമസഭ ചോദ്യോത്തര വേളയിൽ സണ്ണി ജോസഫ് എം.എൽ.എയുടെ ചോദ്യത്തിന് മറുപടി നൽകി. പ്രകൃതിക്ഷോഭം, രോഗങ്ങൾ, വന്യമൃഗ ശല്യം കാരണം സംഭവിക്കുന്ന കൃഷി നാശങ്ങൾക്ക് നൽകുന്ന നഷ്ട പരിഹാരം വളരെ തുച്ഛമാണ്. വിള ഇൻഷുറൻസ് പദ്ധതിയിൽ അംഗമായവർക്കു പോലും സമയബന്ധിതമായി നഷ്ട പരിഹാരം ലഭിക്കുന്നില്ല. സമയബന്ധിതമായി നഷ്ട പരിഹാര തുക വർധിപ്പിച്ചു നൽകാനുള്ള നടപടികൾ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് 14 ജില്ലകളെയും 27 പുതിയ വിളകളെ കൂടി നഷ്ടപരിഹാര പാക്കേജിൽ ഉൾപ്പെടുത്തി നഷ്ടപരിഹാര തുക പരമാവധി വേഗത്തിൽ നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.