
കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയ മനു തോമസിനെതിരെ സംസ്ഥാന സമിതിയംഗം പി.ജയരാജൻ. പൊതുപ്രവർത്തകനായ തന്നെ ആരോപണമുന്നയിച്ച് ജനമദ്ധ്യത്തിൽ താറടിച്ചു കാണിക്കാനാണ് ശ്രമം. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജയരാജൻ ഫേസ് ബുക്കിൽ കുറിച്ചു. അനുഭാവികളുടെ പരാതികൾ പോലും അന്വേഷിച്ച് നടപടി എടുക്കുന്ന പാരമ്പര്യമാണ് കണ്ണൂർ ജില്ലയിലെ പാർട്ടിക്കുള്ളതെന്നും വ്യക്തമാക്കി.
മനു തോമസിന്റെ പരാതി പുറത്ത്
മനുതോമസ് പാർട്ടിയിലെ യുവനേതാവിനെതിരെ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് നേരത്തെ നൽകിയ പരാതിയിലെ വിവരങ്ങൾ പുറത്തുവന്നു. യുവജന കമ്മിഷൻ ചെയർമാനും ഡി.വൈ.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറിയുമായ എം.ഷാജർ സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ചേർന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് കാട്ടി സി.പി.എം ജില്ലാകമ്മിറ്റിക്ക് നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ ഏകാംഗ കമ്മിഷനിൽ നിന്ന് നീതി ലഭിച്ചില്ലെന്നാണ് പരാതിയിൽ പറയുന്നത്.