പയ്യന്നൂർ: താലൂക്ക് പരിധിയിലെ വിവിധ വില്ലേജുകളിൽ ചൊവ്വാഴ്ച വൈകീട്ടും രാത്രിയിലുമായി വീശിയടിച്ച ചുഴലിക്കാറ്റിലും കനത്ത മഴയിലും വൻ നാശനഷ്ടം. നഗരസഭയിൽ മാത്രം ഏഴോളം വീടുകൾ ഭാഗികമായി തകർന്നു. നിരവധി ഹെക്ടർ സ്ഥലത്തെ കാർഷിക വിളകൾ നശിച്ചു. പലയിടത്തും വൈദ്യുതി തൂണുകൾ പൊട്ടിവീണ് വൈദ്യുതി ബന്ധം താറുമാറായി. മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.
പയ്യന്നൂർ നഗരസഭയിൽ കോറോം കാനായി വള്ളിക്കെട്ട് പ്രദേശത്ത് വൻ നാശനഷ്ടങ്ങളാണുണ്ടായത്. ഈ പ്രദേശത്തു മാത്രം നാലു വീടുകൾക്ക് കേടുപാടുകൾ പറ്റി. വള്ളിക്കെട്ട് പ്രദേശത്തെ വീടുകളാണ് ഭാഗികമായി തകർന്നത്. മരം വീണ് പി.കെ.രഘുനാഥിന്റെ വീടിന്റെ ചായ്പും കെ.വിജീഷിന്റെ വീടിനു മുകളിലെ വാട്ടർ ടാങ്കും തകർന്നു. കെ.ഷിജിത്ത്, എൻ.ഇ.രാജേഷ്, പി.അജയൻ എന്നിവരുടെ വീടുകളും മരം വീണ് തകർന്നു. വള്ളിക്കെട്ടിലെ ബിന്ദുവിന്റെ ഉടമസ്ഥതയിലുള്ള വനിതാ ഹോട്ടലിന്റെ മേൽക്കൂര തകർന്നു.
ചെറുതാഴം വില്ലേജിൽ പടിഞ്ഞാറ്റ പുരയിൽ ഗോപാലകൃഷ്ണന്റെ വീടിന്റെ മുകളിലേക്ക് തേക്കുമരം വീണു. രാമന്തളി നീലാകരച്ചാലിൽ പി.വി.പവിത്രന്റെ വീടിനു മുകളിൽ മരം പൊട്ടിവീണു.
പെരിങ്ങോം - വയക്കര പഞ്ചായത്തിൽ വയക്കര വില്ലേജിൽ പെരുംകുടൽ പാമ്പൻ കല്ല് ഹിൽടോപ്പ് കടവ് റോഡിൽ താമസിക്കുന്ന ഈട്ടിക്കൽ രാജന്റെ വീട്ടുമതിൽ ഇടിഞ്ഞ് തൊട്ടടുത്ത് താമസിക്കുന്ന ചങ്ങല വളപ്പിൽ സന്തോഷിന്റെ വീട്ടിലേക്ക് വീണു. 20 മീറ്ററോളം നീളത്തിലുള്ള മതിലാണ് വീണത്. സന്തോഷിന്റെ വീടിന്റെ ഭിത്തിയിൽ തട്ടിയാണ് കല്ലും മണ്ണും നിൽക്കുന്നത്. തിരുമേനി വില്ലേജിൽ താന്നിച്ചാലിൽ ജയ്മോന്റെ വീടിന്റെ മതിലിടിഞ്ഞ് സുകുമാരൻ എന്നയാളുടെ വീടിന്റെ പുറകുവശത്ത് വീണു. വീടിന് നാശനഷ്ടമില്ല. കുഞ്ഞിമംഗലം വില്ലേജിലെ കൊവ്വപ്പുറം റോഡിന്റെ തെക്കുവശത്തുള്ള പോസ്റ്റ് ഓഫീസിന് സമീപത്തായി മരം വീണ് ഗതാഗതം സ്തംഭിച്ചു. മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
കാനായിയിൽ പി.കെ.രാമചന്ദ്രൻ, കെ.ശ്രീദേവി, ടി.പ്രേമൻ, ടി.മോഹനൻ, ടി.വി.പ്രീത, പി.യു.നാരായൺ, എൻ.ഇ.അമ്മിണി, എസ്.യു.പാർവ്വതി, എസ്.യു.സരള, പോത്തേര ശാന്ത, പി.കമലാക്ഷൻ, പി.അജയൻ, ടി.ഓമന എന്നിവർക്കാണ് കൃഷി നാശം സംഭവിച്ചത്. റബർ, കവുങ്ങ്, വാഴ, തെങ്ങ് എന്നിവയാണ് വ്യാപകമായി നശിച്ചത്. ഇതിനു പുറമെ വീട്ടുപറമ്പുകളിലെ പ്ലാവ്, തേക്ക് തുടങ്ങിയ വൻമരങ്ങളും കടപുഴകി.
നഗരസഭ പരിധിയിൽ നാശനഷ്ടം സംഭവിച്ച വീടുകളിലും പ്രദേശങ്ങളിലും നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിതയുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി. വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.വിശ്വനാഥൻ, കൗൺസിലർ കെ.എം.സുലോചന, മുൻ കൗൺസിലർ എം.വാസന്തി, വി.വി.ഗിരീഷ്, പി.ഗംഗാധരൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
വിവിധ മേഖലകളിൽ റവന്യൂ ഉദ്യോഗസ്ഥരും സന്ദർശനം നടത്തി. പയ്യന്നൂരിൽ മഴക്കെടുതിയിൽപ്പെട്ട മേഖലയിൽ നഗരസഭ ദുരന്തനിവാരണസേന അടിയന്തര സഹായവുമായെത്തിയാണ് മരങ്ങളും മറ്റും മുറിച്ചു നീക്കം ചെയ്തത്.