chokli

തലശ്ശേരി: ദേശീയ ,​ അന്തർദേശീയ കായികമത്സരങ്ങളിൽ മത്സരിക്കാൻ കായികതാരങ്ങളെ പ്രാപ്തരാക്കുന്നതിനായി പദ്ധതി ആവിഷ്കരിച്ച് ചൊക്ളി ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്ത്തല സ്പോർട്സ് കൗൺസിലുമായി സഹകരിച്ചാണ് ചൊക്ളിയിൽ കായിക പദ്ധതികൾ ആവിഷ്കരിക്കുന്നത്.

തനത് ഫണ്ടിൽ നിന്നും രണ്ടുലക്ഷം രൂപയും സ്‌പോൺസർഷിപ്പിലൂടെ എട്ട് ലക്ഷം രൂപയും അടക്കം സമാഹരിച്ചാണ് താരങ്ങൾക്ക് തുടർപരിശീലനം നൽകി ദേശീയ,​സംസ്ഥാനടൂർണ്ണമെന്റുകളിലേക്ക് കായിക താരങ്ങളെ പ്രാപ്തരാക്കുന്നതാണ് പദ്ധതി.വോളിബാൾ , ഷട്ടിൽ ബാഡ്മിന്റൺ, ബാൾ
ബാഡ്മിന്റൺ, ക്രിക്കറ്റ് ,​കനോയ് ആൻഡ് കയാക്കിംഗ്, ആട്യ പാട്യ, സെപക് താക്രോ, സോഫ്റ്റ് ബോൾ ടേബിൾ ടെന്നീസ്, എന്നിവയിലാണ് വിവിധ സ്ഥലങ്ങളിലായി പരിശീലനം നൽകുന്നത്. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സി കെ.രമ്യ അദ്ധ്യക്ഷതയിൽ ഇതുസംബന്ധിച്ച ആലോചനായോഗം നടന്നു. ടി.ജയേഷ് പദ്ധതി സംബന്ധിച്ച് വിശദീകരിച്ചു. വി.എം.റീത്ത, എൻ.പി.സജിത,ഷിബിലാൽ ,പി.വി. ലൂബിൻ, കായിക താരം അനഘ മനോജ് ,​ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷീജമണി കെ.പി.ഷിനോജ് തുടങ്ങിയവർ സംബന്ധിച്ചു.

ചൊക്ളി കായികഭൂപടത്തിൽ

സമീപകാലത്ത് ഡ്രാഗൺബോട്ട് ,ഷട്ടിൽ ബാഡ്മിന്റെൺ , കനോയിംഗ് ആൻ‌ഡ് കയാക്കിംഗ് തുടങ്ങി നിരവധി കായിക മത്സരങ്ങളിൽ സംസ്ഥാന , ദേശീയ അന്തർദേശിയ മത്സരങ്ങളിൽ നിരവധി നേട്ടങ്ങൾ ചൊക്ലി ഗ്രാമ പഞ്ചായത്തിലെ കായിക താരങ്ങൾക്ക് നേടാൻ സാധിച്ചിട്ടുണ്ട്.കഴിഞ്ഞ ആഗസ്റ്റിൽ തായ്ലന്റിൽ നടന്ന ലോക ഡ്രാഗൺബോട്ട് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധികരിച്ച മേനപ്രം സ്വദേശിനി അനഘ അടക്കം മികച്ച താരങ്ങൾ ചൊക്ളിയിൽ നിന്ന് ഉയർന്നുവന്നിട്ടുണ്ട്.

ഈ പെരുമ നിലനിർത്താനും പുതിയ മേഖലയിൽ കായിക താരങ്ങൾക്ക് പരിശീലനം നൽകുവാനുമാണ് പദ്ധതികൾ രൂപപ്പെടുത്തിയിരിക്കുന്നത്.


മുന്നിൽ നിന്ന് പഞ്ചായത്ത് സ്പോർട്സ് കൗൺസിൽ
സംസ്ഥാന സ്‌പോർട്സ് കൗൺസിലിന്റെ രണ്ടാം ആക്ട് പ്രകാരം തദ്ദേശസ്വയംഭരണ വകുപ്പിന്റെ 304/2021 ഉത്തരവ് പ്രകാരമാണ് ഗ്രാമപഞ്ചായത്തിൽ സ്‌പോർട്സ് കൗൺസിൽ രൂപീകരിക്കപ്പെട്ടത്.സംസ്ഥാന ജില്ലാ സ്‌പോർട്സ് കൗൺസിലുകളുടെയും വിവിധ കായിക അസോസിയേഷനുകളുടെയും സഹകരണത്തോടെ ചൊക്ലി ഗ്രാമപഞ്ചായത്തിലെ കോളേജ് പ്രിൻസിപ്പൽ ,പ്രധാനാദ്ധ്യാപകർ , കായിക അദ്ധ്യാപകർ , സ്‌പോർട്സ് ക്ലബ്ബ് ഭാരവാഹികൾ, സ്‌പോർട്സ് സംഘാടകർ, യുവജന സംഘടനാ ഭാരവാഹികൾ, കായിക താരങ്ങൾ,എന്നിവരെ ഉൾപ്പെടുത്തി പൊതു സംഘാടക സമിതിയും ഓരോ കായിക ഇനങ്ങൾ നടക്കുന്ന കേന്ദ്രങ്ങളെ അടിസ്ഥാനപ്പെടുത്തി പ്രാദേശിക സംഘാടക സമിതികളും രൂപികരിക്കാനാണ് പദ്ധതി.