തലശ്ശേരി: ഭൂനിരപ്പിൽ നിന്നും മണ്ണിട്ടുയർത്തി പണിത ബൈപ്പാസിൽ വീഴുന്ന മഴവെള്ളം ശാസ്ത്രീയ രീതിയിൽ താഴേക്ക് ഒഴുക്കിവിടാൻ സംവിധാനം പൂർത്തിയാക്കാത്തത് മൂലം തൊട്ട് താഴെയുള്ള സർവീസ് റോഡിനും സമീപപറമ്പുകളിലെ വീടുകളിലുള്ള താമസക്കാർക്കും ദുരിതമായി. എരഞ്ഞോളി ചോനാടത്തെ പത്തോളം വീട്ടുകാർ ഇത്തവണ പതിവ് മഴക്കാല പ്രയാസങ്ങൾക്കൊപ്പം ബൈപ്പാസിൽ നിന്ന് പല വഴിയിൽ താഴെ എത്തുന്ന മഴവെള്ളത്തിന്റെ കൂടി ദുരിതം പേറേണ്ട ഗതികേടിലാണുള്ളത്.

വെള്ളം പതിച്ചും വെള്ളക്കെട്ടിൽ കുതിർന്നും ഇവിടത്തെ ടി.എം. ഹരീന്ദ്രന്റെ സരയൂ വീട്ടു മതിൽ തകർന്നു വീണു. സമീപമുള്ള മറ്റ് വീടുകളും ഭീഷണിയിലാണ്. കൊക്കോടൻ സതി, പോസ്റ്റ്മാൻ വിജയൻ, രേവതി, തോടി പ്രകാശൻ, തുടങ്ങിയവരാണ് ഏറെ പ്രയാസപ്പെടുന്നത്. ഇതിൽ ഏതാനും വീടുകളുടെ വരാന്തകളിൽ വെള്ളം കെട്ടി നിൽക്കുന്നുണ്ട്.

ദേശവാസികളൂടെ പ്രയാസങ്ങൾ ഉടൻ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് സ്ഥലം സന്ദർശിച്ച സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പറഞ്ഞു. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ രൂപീകരിച്ചു പ്രവർത്തിക്കുന്ന ദുരന്ത നിവാരണ സമിതിയാണ് ഇടപെടേണ്ടത്. ബൈപ്പാസിൽ നിർമ്മാണം പൂർത്തീകരിച്ച ഭാഗങ്ങളിലുള്ള അപാകതകൾ കാരണം പല സ്ഥലത്തും ജനങ്ങൾ പ്രയാസങ്ങൾ നേരിടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിരവധി സ്ഥലങ്ങളിൽ തെരുവു വിളക്കുകളില്ല. സർവീസ് റോഡുകളിൽ കുണ്ടും കുഴികളുമുണ്ട്. ഇതെല്ലാം അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്.