kunjambu-
ഇത് കടുത്ത ദുരിതം... ചെറുവത്തൂർ പഞ്ചായത്ത് ഓഫീസിന് പിറകിലെ പി കുഞ്ഞമ്പുവിന്റെ വീട്ടിനുള്ളിലേക്ക് വെള്ളം കയറിയ നിലയിൽ

ചെറുവത്തൂർ: ചെറുവത്തൂർ ടൗണിലെ മാലിന്യം നിറഞ്ഞ വെള്ളം മുഴുവൻ കയറുന്നത് തൊട്ടടുത്തുള്ള വീട്ടിനുള്ളിലേക്ക്. മഴ കനത്തതോടെ ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിന് തൊട്ടുപിറകിൽ ശാരീരികമായ അവശതകളോടെ താമസിക്കുന്ന പി.കുഞ്ഞമ്പുവിന്റെ വീട്ടിനുള്ളിലേക്കാണ് വെള്ളം കയറുന്നത്. രണ്ടു വർഷമായി ഡ്രൈനേജ് വൃത്തിയാക്കാത്തത് കാരണം വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടതാണ് വീട്ടിലേക്ക് വെള്ളം കയറാൻ കാരണമെന്ന് പറയുന്നു.

വാർദ്ധക്യസഹജമായ അസുഖങ്ങളുമായി കഴിയുന്ന കുഞ്ഞമ്പുവും ഭാര്യ മാധവിയും മകനുമാണ് ഈ വീട്ടിൽ താമസിക്കുന്നത്. വാക്കർ ഉപയോഗിച്ച് മാത്രം വീടിന് ഉള്ളിലും പുറത്തും നടക്കുന്ന ഇദ്ദേഹത്തിന് വളപ്പിൽ മുഴുവൻ വെള്ളം കയറിയതോടെ പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയായി. ശക്തിയായി മഴ പെയ്യുമ്പോൾ വെള്ളം വീട്ടിനുള്ളിലേക്ക് കയറും.

ടൗണിലെ ഹോട്ടലുകളിലെയും മറ്റു സ്ഥാപനങ്ങളിലെയും മാലിന്യങ്ങൾ ഡ്രൈനേജിലൂടെ ഒഴുകിയെത്തുകയാണ്. ഡ്രൈനേജ് കൃത്യമായി വൃത്തിയാക്കിയാൽ പഞ്ചായത്തിന് മുന്നിലൂടെ പടിഞ്ഞാറു ഭാഗത്തെ തോട്ടിലേക്ക് ഒഴുകിപ്പോകും. പഞ്ചായത്ത് അധികൃതരുമായി പലതവണ ബന്ധപ്പെട്ടപ്പോൾ പെട്ടെന്ന് വൃത്തിയാക്കാമെന്നുള്ള മറുപടിയാണ് ലഭിച്ചത്. മഴക്ക് മുമ്പ് വൃത്തിയാക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ലെന്ന് വീട്ടുകാർ പറയുന്നു.