
പള്ളഞ്ചിപ്പുഴയിലേക്ക് വീണ കാർ ഒഴുകിപ്പോയി
മധൂർ ക്ഷേത്രം വെള്ളത്തിൽ മുങ്ങി
ബേവിഞ്ചയിൽ മണ്ണിടിഞ്ഞ് കിണറുകളും കുളങ്ങളും നികന്നു
മധൂർ വില്ലേജിൽ അഞ്ചു കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു
പെരിയ കൂവാരയിൽ മഴവെള്ളപ്പാച്ചിലിൽ കൃഷിനാശം
കാസർകോട് :ദേശീയപാതയിൽ ബേവിഞ്ചയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് റോഡിന് താഴെ താമസിക്കുന്ന രണ്ട് വീടുകളിലെ കിണറുകളും കുളങ്ങളും മണ്ണ് മൂടി. ജില്ലാ ഭരണ സംവിധാനം ഇടപെട്ട് നിർമ്മാണ കമ്പനിയോട് വീട്ടുകാർക്ക് കുടിവെള്ളം എത്തിക്കുന്നതിനും അവരുടെ കുടിവെള്ള സ്രോതസ്സുകൾ ശുചീകരിച്ച് നൽകുന്നതിനും നിർദ്ദേശിച്ചു. റോഡിന്റെ ഒരു ഭാഗത്ത് മണ്ണ് ഇടിഞ്ഞതിനെ തുടർന്ന് വലിയ വാഹനങ്ങൾ (ഭാരം കൂടിയതും കൂടുതൽ ടയറുകളുള്ളതുമായ) പ്രവേശിക്കുന്നത് തടഞ്ഞു. മണ്ണിടിച്ചിലിനെ തുടർന്ന് റോഡിന്റെ സുരക്ഷ ഉറപ്പാക്കാൻ നിർമാണ കമ്പനി ആവശ്യമായ സജ്ജീകരണങ്ങൾ നടത്തും. ജില്ലാതല ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.
കാസർകോട് താലൂക്ക് മധുർ ഗ്രൂപ്പ് വില്ലേജിലെ പട്ള വില്ലേജ് മൊഗർ, മൂഡ് എന്നീ പ്രദേശങ്ങളിൽ വെള്ളം കയറിനെ തുടർന്ന് അഞ്ച് കുടുംബങ്ങളെ (25 ആളുകൾ) ബന്ധുവീടുകളിലേക്കും രണ്ട് അതിഥി തൊഴിലാളി കുടുംബങ്ങളിൽ പെട്ട എട്ട് പേരെ (മൂന്ന പുരുഷന്മാർ, രണ്ട് സ്ത്രീകൾ, മൂന്ന് കുട്ടികൾ) ഉളിയത്തടുക്ക ദുരിതാശ്വാസ ക്യാമ്പിലേക്കും മാറ്റിപ്പാർപ്പിച്ചതായി വില്ലേജ് ഓഫീസർ അറിയിച്ചു. കാസർകോട് അഗ്നിശമനസേ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾ നടത്തിയ ശേഷമാണ് ഇവരെ മാറ്റി പാർപ്പിച്ചത്. മധുവാഹിനി പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്നാണ് ഈ ഭാഗങ്ങളിൽ വെള്ളം കയറിയത്. മധൂർ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം വെള്ളത്തിൽ മുങ്ങി. ക്ഷേത്രത്തിനുള്ളിൽ അരയോളം വെള്ളം കയറിയിരുന്നു. പ്രധാന ക്ഷേത്രത്തിലെ പൂജകൾ വെള്ളത്തിലൂടെ ചെന്ന് അധികാരികൾ മുടക്കം കൂടാതെ നടത്തി.
പെരിയ വില്ലേജിൽ കൂവാരയിലുണ്ടായ മഴവെള്ളപ്പാച്ചിലിൽ രമണി കൂവരയുടെ 20 ഓളം കവുങ്ങും പത്ത് തെങ്ങും എന്നിവ നശിച്ചു. ചോയിച്ചി എന്നവരുടെ കിണർ ഇടിഞ്ഞു. കൂവാരയിലെ ലീലാമണിയുടെ ഉടമസ്ഥതയിലുള്ള കുളം ഇടിഞ്ഞു. ഹോസ്ദുർഗ് താലൂക്കിൽ മടിക്കൈ വില്ലേജ് മണക്കടവ് ചാലിൽ വെളളം ഉയരുന്നതിനെ തുടർന്ന് പരിസരവാസികളായ ആറ് കുടുംബങ്ങളുടെ വീടുകൾ വെള്ളപ്പൊക്കഭീഷണിയിലാണ്. ഈ കുടുംബങ്ങൾക്ക് ബന്ധുവീടുകളിലേയ്ക്ക് മാറുന്നതിന് നിർദ്ദേശം നൽകി.
അഡൂർ വില്ലേജിലെ പള്ളഞ്ചിയിൽ കൈവരിയില്ലാത്ത പാലത്തിൽ കാർ തെന്നിമാറി പുഴയിൽ ഒലിച്ചുപോയി. കാർയാത്രക്കാരെ നാട്ടുകാരുടെ സഹായത്തോടെ ആദൂർ, ബേഡകം പൊലീസും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി. വെള്ളരിക്കുണ്ട് താലൂക്കിലെ കൊട്ടോടിയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് വിദ്യാലയത്തിന് അവധി നൽകി. മഞ്ചേശ്വരം താലൂക്കിൽ കണ്വതീർത്ഥയിൽ കടലാക്രമണം രൂക്ഷമായിട്ടുണ്ട്.
ഇന്നലെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴയുടെ അളവ് മില്ലിമീറ്ററിൽ
കൂഡ്ലുവിൽ 139
പാണത്തൂർ 183
വെള്ളരിക്കുണ്ട് 133.5
പിലിക്കോട് 39
മുളിയാർ 175.5
പടന്നക്കാട് 68.5
ജില്ലാ കൺട്രോൾ റൂം 9446601700, 04994257700
04994255687, 1077